കണ്ണൂരിൽനിന്നു വിദേശവിമാനങ്ങളില്ല: കേന്ദ്ര വ്യോമയാന മന്ത്രാലയം
Sunday, March 26, 2023 1:35 AM IST
ന്യൂഡൽഹി: കണ്ണൂർ വിമാനത്താവളത്തിൽ വിദേശവിമാനങ്ങൾ അനുവദിക്കാനാകില്ലെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലെ വ്യത്യസ്ത പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ് നൽകിയ കത്തിനുള്ള മറുപടിയിലാണു കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം വ്യക്തമാക്കിയത്.
മെട്രോ അല്ലാത്ത നഗരങ്ങളിലേക്ക് വിദേശവിമാനങ്ങളെ അനുവദിക്കാൻ കഴിയില്ലെന്ന നിലപാടാണ് നിലവിൽ കേന്ദ്രസർ ക്കാരിനുള്ളതെന്നും മന്ത്രി നൽകിയ മറുപടിയിൽ വ്യക്തമാക്കി. എന്നാൽ, കണ്ണൂർ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലേക്ക് ഇന്ത്യയുടെ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ശബരിമല വിമാനത്താവളത്തിന് അനുമതി നൽകുന്നതിനുള്ള വിഷയം പുതിയ വിമാനത്താവളങ്ങളെക്കുറിച്ചു പരിശോധിക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റിയുടെ പരിഗണനയിലാണെന്നു മന്ത്രി പറഞ്ഞു. ഭൂമിയുടെ ബാധ്യതകൾ തീർത്തുള്ള ലഭ്യത സംബന്ധിച്ചു വ്യക്തത വരുത്തണമെന്ന് പ്രസ്തുത കമ്മിറ്റി കെഎസ്ഐഡിസിക്കു നിർദേശം നൽകിയിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കാസർഗോഡ് പെരിയയിൽ എയർസ്ട്രിപ്പ് നിർമിക്കുന്ന കാര്യത്തിൽ കേരള സർക്കാരിനോട് കൂടുതൽ വ്യക്തത തേടിയിരുന്നു. ഇക്കാര്യം പരിശോധിച്ചു പരിഗണിക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നു. നിലവിലെ നയമനുസരിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ കാർഗോ സർവീസുകൾക്ക് നിയന്ത്രണമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.