തരൂര്‍ രണ്ടുംകല്‍പ്പിച്ച്
Tuesday, October 4, 2022 1:25 AM IST
ന്യൂഡൽഹി: കോണ്‍ഗ്രസിൽ മാറ്റം അനിവാര്യമാണെന്ന മുദ്രാവാക്യവുമായി രാജ്യമാകെ കാടിളക്കി പ്രചാരണവുമായി ഡോ. ശശി തരൂർ. മുതിർന്ന നേതാക്കളുടെ പിന്തുണയോടെ വിജയം ഉറപ്പിച്ചു മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെയും പ്രചാരണം സജീവമാക്കി. പല സംസ്ഥാനങ്ങളിലും തരൂരിനു പിന്തുണ കൂടിവരുന്നതും ആരും ഒൗദ്യോഗിക സ്ഥാനാർഥിയല്ലെന്നുള്ള ഹൈക്കമാൻഡ് പ്രഖ്യാപനവും പ്രസിഡന്റു തെരഞ്ഞെടുപ്പിലെ മത്സരം കടുപ്പിക്കുന്നുണ്ട്.
മുതിർന്ന നേതാവായ ഖാർഗെയും താനും തമ്മിൽ ആശയപരമായ വ്യത്യാസമില്ലെന്നും സർക്കാരിനും ബിജെപിക്കെതിരേ പോരാടുന്പോൾ പാർട്ടി ഒരുമിച്ചാണെന്നും ശശി തരൂർ പറഞ്ഞു. ബിജെപിയെ നേരിടാൻ എല്ലാവരും ഒന്നാണ്. ഇക്കാര്യത്തിൽ ഖാർഗെയോട് യോജിക്കുന്നു. തങ്ങൾക്കിടയിൽ പ്രത്യയശാസ്ത്രപരമായ വ്യത്യാസമില്ല. 17-ലെ വോട്ടെടുപ്പ് സഹപ്രവർത്തകരുടെ തെരഞ്ഞെടുപ്പാണ്. പാർട്ടിക്ക് ഏറ്റവും ഫലപ്രദമായി എങ്ങനെ ചെയ്യാമെന്നതിലാണു ശ്രദ്ധ- തരൂർ വിശദീകരിച്ചു.
സമവായത്തിലൂടെ പൊതുസമ്മതനായ അധ്യക്ഷനെ കണ്ടെത്തുന്നതാണു നല്ലതെന്നു തരൂരിനോടു പറഞ്ഞതായും എന്നാൽ മത്സരിക്കണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചതായും ഖാർഗെ ഞായറാഴ്ച പറഞ്ഞിരുന്നു.
ആർഎസ്എസ്-ബിജെപിക്കെതിരേ ഒറ്റക്കെട്ടായി പോരാടാനാണ് ജി-23 അടക്കം നേതാക്കളെല്ലാം ആഗ്രഹിക്കുന്നതെന്നും പ്രചാരണത്തിനു തുടക്കം കുറിച്ച് വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഖാർഗെ പറഞ്ഞു. ഇതിനു മറുപടിയായാണു തരൂരിന്റെ ട്വീറ്റ്. ഇപ്പോൾ ജി-23 ക്യാന്പ് ഇല്ലെന്നും അവരും തന്നെ പിന്തുണയ്ക്കുകയാണെന്നും ഖാർഗെ അവകാശപ്പെട്ടു.
എഐസിസി അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുന്ന താനും ഖാർഗെയും തമ്മിൽ പൊതുസംവാദത്തിനു തയാറാണെന്നു തരൂർ പറഞ്ഞെങ്കിലും ഖാർഗെ അതിനോട് ഇനിയും പ്രതികരിച്ചിട്ടില്ല.
ബ്രിട്ടീഷ് കണ്‍സർവേറ്റീവ് പാർട്ടി നേതാവിനെ കണ്ടെത്താൻ ഇത്തരത്തിൽ സംവാദം നടത്താറുണ്ട്. കോണ്‍ഗ്രസ് അംഗങ്ങളുടെ ഹൃദയത്തിൽ നെഹ്റു-ഗാന്ധി കുടുംബം എന്നും സവിശേഷമായ സ്ഥാനം നിലനിർത്തിയിട്ടുണ്ടെന്ന് തരൂർ പറഞ്ഞു.
രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം ഖാർഗെയും പ്രഫഷണൽ കോണ്‍ഗ്രസ് അധ്യക്ഷ പദവി തരൂരും രാജിവച്ചിരുന്നു. മത്സരിക്കുന്നവരും പ്രചാരണത്തിനിറങ്ങുന്നവരും പദവി രാജിവയ്ക്കണമെന്ന പാർട്ടി മാർഗനിർദേശം വരുന്നതിനു ഒരു മാസം മുന്‍പേ താൻ രാജിവച്ചിരുന്നുവെന്നും തരൂർ വ്യക്തമാക്കി.