ബിജെപി സർക്കാർ ആത്മാനുരാഗികളെന്ന് സോണിയ ഗാന്ധി
Wednesday, August 17, 2022 1:12 AM IST
ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യത്തോടുള്ള അഭിസംബോധനയ്ക്കു പിന്നാലെ ബിജെപി സർക്കാരിന് എതിരെ വിമർശനവുമായി കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി കർണാടകയിൽ നടന്ന ഹർ ഘർ തിരംഗ പരിപാടിയുടെ പരസ്യത്തിൽ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയത് വിവാദങ്ങൾക്ക് കാരണമായിരുന്നു.
സ്വാതന്ത്ര്യത്തിനു ശേഷമുള്ള 75 വർഷങ്ങളിൽ രാജ്യം വലിയ നേട്ടങ്ങൾ സ്വന്തമാക്കി. എന്നാൽ ഇപ്പോഴത്തെ ആത്മാനുരാഗികളുടെ സർക്കാർ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നവരുടെ ത്യാഗങ്ങളെ വില കുറച്ച് കാണുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു സോണിയയുടെ പ്രതികരണം.
രാഷ്ട്രീയ ലാഭത്തിനായി ചരിത്രത്തെ വളച്ചൊടിക്കുന്നതും ഗാന്ധി, നെഹ്റു, പട്ടേൽ, ആസാദ് തുടങ്ങിയ നേതാക്കളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും അംഗീകരിക്കില്ലെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു.