ബംഗ്ലാദേശ് ഭീകരസംഘടനയുമായി ബന്ധം: ആസാമിലെ മദ്രസ ഇടിച്ചുനിരത്തി
Friday, August 5, 2022 12:42 AM IST
മോറിഗാവ്/ഗോഹട്ടി: ആസാമിലെ മോറിഗാവിൽ ബംഗ്ലാദേശ് ഭീകരരുമായി ബന്ധമുള്ള മുഖ്യപുരോഹിതൻ നടത്തിയിരുന്ന മദ്രസ അധികൃതർ ഇടിച്ചുനിരത്തി. ഭീകരബന്ധത്തിന്റെ പേരിൽ മുഖ്യമുഫ്തിയായ മുസ്തഫ അറസ്റ്റിലായതിനെത്തുടർന്നാണിത്.
ബംഗ്ലാദേശിലെ ഭീകരസംഘമായ അൻസുറൽ ഇസ്ലാമുമായി ബന്ധമുള്ള മോറിബാരി ജമാഅതുൽ മദ്രസയാണ് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. മുഫ്തിയുടെ അറസ്റ്റിനെത്തുടർന്ന് ഏതാനുംദിവസങ്ങളായി മദ്രസ അടച്ചിട്ടിരിക്കുകയായിരുന്നു.
യുപിയിലും മഹാരാഷ്ട്രയിലും പഠനം പൂർത്തിയാക്കിയ മുസ്തഫ ഭോപ്പാലിൽ നിന്നാണ് ഇസ്ലാമിക നിയമത്തിൽ ഡോക്ടറേറ്റ് നേടിയത്. അൻസറുൽ ഇസ്ലാമിന്റെ മുഖ്യധനാഗമന സ്രോതസ് ഇയാളായിരുന്നു. ചെറിയ തുകയാണ് മുഫ്തിയുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നത് എന്നതിൽ അധികൃതർക്ക് സംശയം ഉണ്ടായിരുന്നില്ല.
മൊബൈൽ ഫോണിൽ അതിസങ്കർണ ആപ്പുകൾ ഉപയോഗിച്ചാണ് മുസ്തഫയും കേസിൽ അറസ്റ്റിലായ അഫ്സറുദ്ദീനും സംസാരിച്ചിരുന്നതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. മുസ്തഫയുടെ അറസ്റ്റിനു പിന്നാലെ ഇയാളുടെ ഭാര്യ മൊബൈൽ ഫോണുകൾ നശിപ്പിച്ചിരുന്നു. എന്നാൽ പോലീസ് ഇത് വീണ്ടെടുക്കുകയായിരുന്നു.
ഭീകരപ്രവർത്തകരുമായി ബന്ധമുള്ള അഞ്ച് സംഘങ്ങളാണ് കഴിഞ്ഞ മാർച്ചിനു ശേഷം സംസ്ഥാനത്ത് അറസ്റ്റിലായതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഗോഹട്ടിൽ അറിയിച്ചു. ഇതിൽ ഏറ്റവും സങ്കീർണമായ ആശയവിനിമയ സംവിധാനം പിന്തുടരുന്ന മോറിഗാവ് സംഘമാണ് ഏറ്റവും അപകടംപിടിച്ച കൂട്ടർ.
പഞ്ചായത്തിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ അനുമതി മദ്രസ കെട്ടിടത്തിന് ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മദ്രസയിലെ 43 കുട്ടികളെ സമീപത്തെ സർക്കാർ സ്കൂളിൽ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.