എടിഎം മോഷണം തടഞ്ഞ പട്ടിഷോ!
Wednesday, July 6, 2022 1:23 AM IST
ഹസാരിബാഗ്: എടിഎം മോഷ്ടാക്കളുടെ കഞ്ഞിയിൽ മണ്ണുവാരിയിട്ട് നായ! ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണു സംഭവം. ചൗപരൻ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചൈതി ഗ്രാമത്തിലെ ജിടി റോഡിലുള്ള ആക്സിസ് ബാങ്കിന്റെ എടിഎം തകർത്തു കവർച്ച നടത്താൻ ശ്രമിച്ചവർക്കാണു പട്ടി പണികൊടുത്തത്.
ഗ്യാസ് കട്ടർ, എൽപിജി സിലിണ്ടർ, ചുറ്റികകൾ എന്നിങ്ങനെ വളരെ ഹൈടെക്കായാണു മോഷ്ടാക്കൾ എത്തിയത്. സുധീർ ബാൺവാൾ എന്നയാളുടെ വീടിന്റെ ഏറ്റവും താഴത്തെ നിലയിലാണ് എടിഎം പ്രവർത്തിച്ചിരുന്നത്. മോഷ്ടാക്കൾ മെഷീൻ ഏറെക്കുറെ തുറന്ന സമയത്ത് ബാൺവാളിന്റെ സാംബ എന്ന പേരുള്ള നായ കുരയ്ക്കാൻ തുടങ്ങി. ഇതോടെ ഉടമയും അയൽക്കാരും ഉണർന്നു. ഇതോടെ മോഷ്ടാക്കൾ പണി പാതിവഴിയിൽ ഉപേക്ഷിച്ചു മുങ്ങി.
മോഷണശ്രമ സമയത്ത് എടിഎമ്മിൽ 27 ലക്ഷം രൂപയുണ്ടായിരുന്നു. ഒരു രൂപപോലും നഷ്ടപ്പെട്ടില്ല.