സ്പൈസ് ജെറ്റ് വിമാനത്തിനു തകരാർ; പാക്കിസ്ഥാനിൽ ഇറക്കി
Wednesday, July 6, 2022 1:23 AM IST
ന്യൂഡൽഹി: ഇന്ധന ഇൻഡിക്കേറ്ററിൽ തകരാറുണ്ടായതിനെത്തുടർന്നു ഡൽഹിയിൽനിന്നു ദുബായിലേക്കു പോയ വിമാനം പാക്കിസ്ഥാനിലെ കറാച്ചിയിലേക്കു തിരിച്ചുവിട്ടു. സ്പൈസ് ജെറ്റിന്റെ ബോയിംഗ് 737 മാക്സ് വിമാനമാണു തകരാറിലായത്.
പറക്കുന്നതിനിടെ വിമാനത്തിന്റെ ഇടതുവശത്തെ ടാങ്കിൽ ഇന്ധനം അസാധാരണമായി കുറയുന്നതു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണു വിമാനം പാക്കിസ്ഥാനിൽ ഇറക്കാൻ നിർബന്ധിതമായത്.
ഇവിടെ നടത്തിയ പരിശോധനയിൽ ചോർച്ച കണ്ടെത്താൻ കഴിഞ്ഞില്ല.
17 ദിവസത്തിനിടെ സ്പൈസ് ജെറ്റ് വിമാനങ്ങൾക്ക് ആറാംതവണയാണു സമാനമായ തകരാറുണ്ടാകുന്നതെന്നു ഡിജിസിഎ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.