മഹാരാഷ്ട്ര: ഹർജി ഉടൻ പരിഗണിക്കാതെ മാറ്റി
Friday, July 1, 2022 11:59 PM IST
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ശിവസേന ചീഫ് വിപ്പ് സുനിൽ പ്രഭു നൽകിയ ഹർജി അടിയന്തരമായി പരിണിക്കാതെ സുപ്രീംകോടതി.
ഷിൻഡെ ഉൾപ്പെടെ 16 എംഎൽഎമാർക്കെതിരായ അയോഗ്യതാ നടപടിയിൽ തീരുമാനം ആകാത്ത സാഹചര്യത്തിൽ പുതിയ സർക്കാരിനെ പിരിച്ചുവിടണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഹർജി ജൂലൈ പതിനൊന്നിനു പരിഗണിക്കാമെന്നാണ് ജസ്റ്റീസുമാരായ സൂര്യകാന്ത്, ജെ.ബി. പർദിവാല എന്നിവർ ഉൾപ്പെട്ട അവധിക്കാല ബെഞ്ച് വ്യക്തമാക്കിയത്.
ജൂണ്‍ 29ലെ കോടതി ഉത്തരവിനു ശേഷമാണ് ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് നിയമസഭ നിയന്ത്രിക്കുന്നതെന്നും ആരുടെ വിപ്പാണ് അനുസരിക്കേണ്ടതെന്നും സുനിൽ പ്രഭുവിന്റെ അഭിഭാഷകനായ കപിൽ സിബൽ ചോദിച്ചു. സത്യപ്രതിജ്ഞ ചെയ്ത നിമിഷം മുതൽ ഷിൻഡെ അയോഗ്യനാണെന്നും സിബൽ ചൂണ്ടിക്കാട്ടി.
അതേസമയം, വിവരം തങ്ങൾക്കറിയാമെന്നും കണ്ണടച്ചിരിക്കുകയല്ലെന്നുമായിരുന്നു കോടതിയുടെ മറുപടി.