പഞ്ചാബിൽ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകൻ വെടിയേറ്റു മരിച്ചു; ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ
Sunday, June 26, 2022 12:18 AM IST
ചണ്ഡിഗഡ്: അഴിമതിയാരോപണത്തിൽ പഞ്ചാബിൽ അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥൻ സഞ്ജയ് പോപ്ലിയുടെ മകൻ കാർത്തിക് പോപ്ലി (27) വെടിയേറ്റു മരിച്ചു. ലൈസൻസുള്ള തോക്കുകൊണ്ട് കാർത്തിക് സ്വയം വെടിവച്ചു മരിച്ചതാണെന്ന് പോലീസ് പറഞ്ഞതിനു പിന്നാലെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. വിജിലൻസ് കെട്ടിച്ചമച്ച കേസുണ്ടാക്കി സഞ്ജയ് പോപ്ലിയെ കുടുക്കിയതാണെന്നു ഭാര്യ പറഞ്ഞു.
ചോദ്യം ചെയ്യാനെന്ന പേരിൽ വീട്ടിലെത്തി കാർത്തികിനെ അന്വേഷണ ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചു. മൊബൈൽ ഫോണുകൾ ബലമായി പിടിച്ചുവാങ്ങിയെന്നും അവർ പറഞ്ഞു. കാർത്തിക് സമർഥനായ അഭിഭാഷകനായിരുന്നെന്നും നീതി കിട്ടാൻഏതറ്റം വരെയും പോകുമെന്നും ബന്ധുക്കൾ പറഞ്ഞു.
നവാൻഷഹറിൽ അഴുക്കുചാൽ പൈപ്ലൈൻ ഇടുന്നതിനു ടെൻഡർ നടപടികൾ വേഗത്തിലാക്കാൻ കൈക്കൂലി ആവശ്യപ്പെട്ട ആരോപണത്തിലാണ് സഞ്ജയ് പോപ്ലിയെ ജൂൺ 21ന് പഞ്ചാബ് വിജിലൻസ് പിടികൂടിയത്.