വാടകഗർഭം ധരിക്കുന്നവർക്ക് ആരോഗ്യ ഇൻഷ്വറൻസ് നൽകണം: കേന്ദ്രം
സ്വന്തം ലേഖകൻ
Friday, June 24, 2022 12:53 AM IST
ന്യൂഡൽഹി: വാടകഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് ദന്പതികൾ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ നൽകണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
ഗർഭധാരണ സമയത്തോ അതിനു ശേഷമോ സംഭവിക്കുന്ന പ്രസവസംബന്ധമായ പ്രശ്നങ്ങളുടെ സാന്പത്തിക ബാധ്യത പൂർണമായും വഹിക്കുന്ന തരത്തിൽ 36 മാസത്തേക്കുള്ള ജനറൽ ഹെൽത്ത് ഇൻഷ്വറൻസാണ് വാടക ഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് ദന്പതികൾ നൽകേണ്ടത്.
മൂന്നു തവണയിൽ കൂടുതൽ ഒരു സ്ത്രീയെ വാടക ഗർഭധാരണത്തിനു വിധേയയാക്കരുതെന്നും കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം വ്യക്തമാക്കുന്നു.
വാടകഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് 1971ലെ മെഡിക്കൽ ഗർഭഛിദ്ര നിയമം അനുസരിച്ച് ഗർഭഛിദ്രം നടത്തുന്നതിന് അവകാശമുണ്ട്. ഈ വർഷം ജനുവരിയിൽ പ്രാബല്യത്തിൽ വന്ന വാടകഗർഭധാരണ ഭേദഗതി നിയമത്തിൽ വാടക ഗർഭധാരണം നടത്തുന്ന ക്ലിനിക്കുകളിൽ ജോലി ചെയ്യുന്നവരുടെ യോഗ്യത, വാടകഗർഭം നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ എന്നിവ വ്യക്തമാക്കുന്നുണ്ട്.
ഗർഭപാത്ര സംബന്ധമായ പ്രശ്നങ്ങൾ കാരണം ഗർഭം ധരിക്കാൻ സാധിക്കാത്ത സ്ത്രീകൾക്ക് മറ്റൊരു സ്ത്രീയുടെ സമ്മതത്തോടെയുള്ള നിയമപരമായ വാടകഗർഭധാരണ മാർഗങ്ങൾ ആശ്രയിക്കാവുന്നതാണ്.