ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിലെ വ്യാജ റിവ്യൂ: മാർഗരേഖ തയ്യാറാക്കും
Friday, May 27, 2022 1:38 AM IST
ന്യൂഡൽഹി: ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിലെ ഉത്പന്നങ്ങളെ കുറിച്ചുള്ള വ്യാജ റിവ്യൂ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ.
ഓണ്‍ലൈൻ സേവനങ്ങളോ ഉത്പന്നങ്ങളോ വാങ്ങുന്നതിന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന വ്യാജ റിവ്യൂ പരിശോധിക്കുന്നതിനുള്ള മാർഗരേഖ തയ്യാറാക്കുന്നതിന് അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ്സ് കൗണ്‍സിൽ ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഉപഭോക്തൃ കാര്യ വകുപ്പ് ഇന്ന് വെർച്വൽ യോഗം സംഘടിപ്പിക്കും.
ഉത്പന്നങ്ങളെ കുറിച്ചുള്ള വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ റിവ്യൂ ഉപഭോക്താക്കളിൽ ചെലുത്തുന്ന സ്വാധീനം തടയുന്നതിനു സാധ്യമായ നടപടികളും യോഗത്തിൽ ചർച്ച ചെയ്യും.
ഉപഭോക്തൃ കാര്യ വകുപ്പ് സെക്രട്ടറി രോഹിത് കുമാർ സിംഗിന്റെ ക്ഷണത്തെ തുടർന്ന് ഫ്ലിപ്കാർട്ട്, ആമസോണ്‍, ടാറ്റ സണ്‍സ്, റിലയൻസ് റീട്ടെയിൽ തുടങ്ങിയ ഇ-കോമേഴ്സ് സ്ഥാപനങ്ങൾക്ക് പുറമേ ഉപഭോക്തൃ ഫോറങ്ങൾ, നിയമ സർവകലാശാലകൾ, അഭിഭാഷകർ തുടങ്ങിയ സ്ഥാപനങ്ങൾ ചർച്ചയിൽ പങ്കെടുക്കും.