യോഗി ആദിത്യനാഥ് ഗോരഖ്പുരിൽ മത്സരിക്കുന്ന രണ്ടാമത്തെ മുഖ്യമന്ത്രി
Tuesday, January 18, 2022 1:19 AM IST
ലക്നോ: ഗോരഖ്പുർ ജില്ലയിൽനിന്നു നിയമസഭയിലേക്കു മത്സരിക്കുന്ന രണ്ടാമത്തെ യുപി മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. 1971ൽ മത്സരിച്ച ത്രിഭുവൻ നാരായൺ സിംഗ് ആണ് ആദ്യത്തെയാൾ. എന്നാൽ ഇദ്ദേഹം പരാജയപ്പെട്ടു.
മുഖ്യമന്ത്രിയായിരിക്കെ മണിറാം മണ്ഡലത്തിലാണ് സിംഗ് മത്സരിച്ചത്. കോൺഗ്രസിലുണ്ടായ പിളർപ്പിനെത്തുടർന്നാണ് കോൺഗ്രസ്(ഒ) നേതാവ് ത്രിഭുവൻ നാരായൺദാസ് മുഖ്യമന്ത്രിയായത്. ഇരു സഭകളിലും അംഗമല്ലാതിരുന്ന ത്രിഭുവൻ നാരായൺദാസ് നിയമസഭയിലേക്കു മത്സരിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർഥിയോടു പരാജയപ്പെടുകയാണുണ്ടായത്.
യോഗി ആദിത്യനാഥിന്റെ തട്ടകമാണു ഗോരഖ്പുർ. 1998 മുതൽ അഞ്ചു തവണ തുടർച്ചയായി ഗോരഖ്പുരിൽനിന്നു ലോക്സഭാംഗമായിരുന്നു ആദിത്യനാഥ്. 2017ൽ മുഖ്യമന്ത്രിയായപ്പോൾ ലോക്സഭാംഗത്വം രാജിവച്ചു. എംഎൽസിയായാണ് ആദിത്യനാഥ് മുഖ്യമന്ത്രിയായത്.
നാലു തവണ ഗോരഖ്പുർ അർബൻ മണ്ഡലത്തെ പ്രതിനിധീകരിച്ച ഡോ. രാധാ മോഹൻദാസ് അഗർവാളിനെ മാറ്റിയാണ് യോഗി ആദിത്യനാഥിനു ബിജെപി നേതൃത്വം സീറ്റ് നല്കിയത്. അതേസമയം, പാർട്ടി തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ് അഗർവാൾ.
ഇദ്ദേഹത്തെ സമാജ്വാദി പാർട്ടിയിലേക്ക് അഖിലേഷ് യാദവ് സ്വാഗതം ചെയ്തിട്ടുണ്ട്. ഗോരഖ്പുർ അർബൻ മണ്ഡലത്തിൽ കഴിഞ്ഞതവണ രണ്ടാമതെത്തിയത് കോൺഗ്രസാണ്. ബിജെപി കഴിഞ്ഞാൽ കോൺഗ്രസിനാണ് ഇവിടെ സ്വാധീനമുള്ളത്.
യോഗി ആദിത്യനാഥിന്റെ ഗുരു മഹന്ത് അവൈദ്യനാഥ് ഗോരഖ്പുർ നിയമസഭാ മണ്ഡലത്തിൽനിന്ന് അഞ്ചു തവണ(1962, 1967, 1969,1974, 1977) വിജയിച്ചു. സ്വതന്ത്രനായും ഹിന്ദു മഹാസഭ, ജനതാ പാർട്ടി എന്നിവയുടെ പ്രതിനിധിയായും ആയിരുന്നു മഹന്ത് അവൈദ്യനാഥിന്റെ ജയം.