ഇന്ത്യയിൽ ആകെ ഒമിക്രോൺ രോഗികൾ 21; രാജസ്ഥാൻ-9, മഹാരാഷ്ട്ര-7, ഡൽഹി-01
Monday, December 6, 2021 12:56 AM IST
ന്യൂഡൽഹി/ജയ്പുർ/പൂന: രാജസ്ഥാനിൽ ഒന്‍പതു പേർക്കും മഹാരാഷ്ട്രയിൽ ഏഴു പേർക്കും ഡൽഹിയിൽ ഒരാൾക്കും ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ 21 ആയി.
രാജസ്ഥാനിൽ ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയ ഒരു കുടുംബത്തിലെ നാലു പേർക്കാണ് ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മറ്റ് അഞ്ചു പേർക്കും രോഗം സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയിലെ പൂനയിൽ ഇന്നലെ ഏഴു പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതിൽ മൂന്നു പേർ നൈജീരിയയിൽനിന്നും ഒരാൾ ഫിൻലൻഡിൽനിന്നും വന്നവരാണ്. മഹാരാഷ്ട്രയിൽ ഇതോടെ എട്ടു പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. നൈജീരിയയിൽനിന്ന് ഒരു സ്ത്രീയും രണ്ടു പെൺമക്കളുമാണ് പൂനയിലെത്തിയത്. ഇവർ സമീപത്തുള്ള പിംപ്രി ചിഞ്ച്വാഡ് മേഖലയിൽ സഹോദരനെ സന്ദർശിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിനും രണ്ടു പെൺമക്കൾക്കും ഒമിക്രോൺ സ്ഥിരീകരിച്ചു.
ഫിൻലൻഡിൽനിന്നു നവംബർ അവസാന വാരം പൂനയിലെത്തിയ ആൾക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഡൽഹിയിൽ ആദ്യത്തെ ഒമിക്രോണ്‍ കേസ് ഇന്നലെ സ്ഥിരീകരിച്ചു.
കിഴക്കൻ ആഫ്രിക്കയിലെ ടാൻസാനിയയിൽനിന്ന് ഏതാനും ദിവസം മുൻപ് ഇന്ത്യയിലെത്തിയ മുപ്പത്തിയേഴുകാരനായ ഇന്ത്യൻ വംശജനിലാണ് ഒമിക്രോണ്‍ വൈറസ് ബാധ കണ്ടെത്തിയത്.