ഒമിക്രോൺ: വാക്സിൻ ഫലപ്രദമല്ലെന്നു പറയാൻ തെളിവുകളില്ലെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം
Saturday, December 4, 2021 12:45 AM IST
ന്യൂഡൽഹി: കോവിഡിന്റെ ഒമിക്രോൺ വകഭേദത്തിന് ഇപ്പോഴത്തെ പ്രതിരോധ വാക്സിൻ ഫലപ്രദമല്ലെന്നതിനു തെളിവുകൾ ലഭ്യമായിട്ടില്ലെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. എന്നാൽ പുതിയ വകഭേദത്തിന്റെ ഉയർന്ന വ്യാപനശേഷിയും പ്രതിരോധശേഷിയും സ്ഥിരീകരിച്ചതാണെന്നും മന്ത്രാലയം വിശദീകരിച്ചു.
കർണാടകയിൽ വ്യാഴാഴ്ച ഒമിക്രോൺ രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ്, പതിവായി ഉണ്ടാകുന്ന സംശയങ്ങളും ഉത്തരങ്ങളും ചേർത്തുള്ള വിശദീകരണക്കുറിപ്പ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയത്.
പ്രതിരോധ വാക്സിന് ഒമിക്രോൺ വകഭേദത്തെ നേരിടാൻ കഴിയില്ല എന്നതിനു തെളിവുകളൊന്നുമില്ല. എന്നാൽ വൈറസിന്റെ രൂപമാറ്റത്തെത്തുടർന്ന് പ്രതിരോധ വാക്സിന്റെ ഫലപ്രാപ്തി കുറഞ്ഞിട്ടുണ്ടോയെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.
ദക്ഷിണാഫ്രിക്കയ്ക്കു പുറമേ നിരവധി രാജ്യങ്ങളിൽ ഒമിക്രോൺ വ്യാപനം നടക്കുന്നുണ്ട്. ഇന്ത്യയുൾപ്പെടെ കൂടുതൽ രാജ്യങ്ങളിൽ മൂന്നാം തരംഗം ഉണ്ടായേക്കാം. ഇന്ത്യയിൽ രോഗികളുടെ എണ്ണം വർധിച്ചോയെന്ന് ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം പറയുന്നു.