ഇന്ത്യ-പാക് അതിർത്തിയിൽ ആയുധങ്ങളും ഹെറോയിനും പിടികൂടി
Thursday, October 21, 2021 1:35 AM IST
ചണ്ഡിഗഡ്: പഞ്ചാബിലെ പാക് അതിർത്തിയിൽനിന്ന് പഞ്ചാബ് പോലീസും അതിർത്തിരക്ഷാസേനയും സംയുക്തമായി നടത്തിയ തെരച്ചിലിൽ വൻതോതിലുള്ള ആയുധശേഖരവും ഒരു കിലോ ഹെറോയിനും പിടിച്ചെടുത്തു.
തൻ തരൺ ജില്ലയിലെ ഖേംകരൺ മേഖലയിൽ പഞ്ചാബ് പോലീസിന്റെ രഹസ്യാന്വേഷണവിഭാഗവും ബിഎസ്എഫും ചേർന്നാണ് 22 പിസ്റ്റലുകളും വെടിക്കോപ്പുകൾ സൂക്ഷിക്കുന്ന 44 ഉറകളും നൂറോളം വെടിയുണ്ടകളും പിടിച്ചെടുത്തത്. ഒരു ഹിലോ ഹെറോയിനും കണ്ടെടുത്തു. കറുത്ത ബാഗിൽ പൊതിഞ്ഞ നിലയിൽ ഒരു നെൽപ്പാടത്തിൽ ഇവ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ആയുധക്കടത്തിനെക്കുറിച്ച് പോലീസിനു രഹസ്യവിവരം ലഭിച്ചിരുന്നതായി ഡിജിപി ഇക്ബാൽ പ്രീത് സിംഗ് സഹോത്ത പറഞ്ഞു.