നാലു ലക്ഷം വിലയിട്ട വനിതാ മാവോയിസ്റ്റ് കീഴടങ്ങി
Sunday, October 17, 2021 11:33 PM IST
വിശാഖപട്ടണം: തലയ്ക്കു നാലു ലക്ഷം രൂപ വിലയിട്ട വനിതാ മാവോയിസ്റ്റ് കീഴടങ്ങി. ശ്വേത എന്നറിയപ്പെടുന്ന കോറ കുമാരിയാണു വിശാഖപട്ടണം ജില്ലയിൽ പോലീസ് മുന്പാകെ ഇന്നലെ കീഴടങ്ങിയത്.
സിപിഐ(മാവോയിസ്റ്റ്) പേദബായലു ദളം ഏരിയ കമ്മിറ്റി അംഗമാണു ശ്വേത. ആറു കൊലപാതകങ്ങൾ ഉൾപ്പെടെ 43 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ശ്വേത. 2009ലാണ് ഇവർ മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്നത്. അമ്മാവനും മുതിർന്ന മാവോയിസ്റ്റ് നേതാവുമായ ജെമ്മിലി ജാംബ്രിയുടെ സ്വാധീനത്താലാണു ശ്വേത മാവോയിസത്തിലേക്ക് ആകർഷിക്കപ്പെട്ടത്.
ആദിവാസ ഇതര നേതാക്കൾ സംഘടനയിൽ പ്രാമുഖ്യം നേടുന്നതും സംഘടനാകാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതുമാണു ശ്വേത കീഴടങ്ങാൻ കാരണമെന്ന് വിശാഖപട്ടണം റൂറൽ എസ്പി ബി. കൃഷ്ണ റാവു പറഞ്ഞു.