ഭൻവാരി ദേവി കൊലക്കേസ് പ്രതി മുൻ മന്ത്രി മഹിപാൽ മദേർണ അന്തരിച്ചു
Sunday, October 17, 2021 11:33 PM IST
ജോധ്പുർ: രാജസ്ഥാനിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഭൻവാരി ദേവി കൊലപാതകക്കേസിലെ മുഖ്യപ്രതിയും മുൻ മന്ത്രിയുമായ മഹിപാൽ മദേർണ(69) അന്തരിച്ചു. അർബുദബാധിതനായിരുന്നു. അശോക് ഗെഹ്ലോട്ട് മന്ത്രി സഭയിൽ അംഗമായിരുന്നു മഹിപാൽ മദേർണ. ഇദ്ദേഹത്തിന്റെ മകൾ ദിവ്യ രാജസ്ഥാനിൽ എംഎൽഎയാണ്.
2011 സെപ്റ്റംബറിലാണു ഓക്സിലറി നഴ്സ് മിഡ്വൈഡ്(എഎൻഎം) ഭൻവാരി ദേവി കൊല്ലപ്പെട്ടത്. തുടർന്ന് ഒക്ടോബറിൽ മദേർണയെ മന്ത്രിസഭയിൽനിന്നു പുറത്താക്കി. ഡിസംബറിൽ സിബിഐ കേസ് ഏറ്റെടുത്തു. ഡിസംബർ മൂന്നിനു മഹിപാലിനെ സിബിഐ അറസ്റ്റ് ചെയ്തു. കീഴ്ക്കോടതിയിൽ കേസിന്റെ വിചാരണ നടന്നുവരികയാണ്.
രോഗബാധയെത്തുടർന്ന് കഴിഞ്ഞ വർഷം മദേർണയ്ക്കു ജാമ്യം ലഭിച്ചിരുന്നു. അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവ് പരശ്റാം മദേർണയുടെ മകനാണു മഹിപാൽ.