പൂഞ്ചിൽ ഏറ്റുമുട്ടലിനിടെ കാണാതായ ജവാന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തി
Sunday, October 17, 2021 12:51 AM IST
ജമ്മു: കാഷ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ കാണാതായ രണ്ട് സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഭീകരർ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന പൂഞ്ചിലെ മെൻധാർ സബ് ഡിവിഷനിലെ നർ ഖാസ് വനമേഖലയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഇതോടെ പൂഞ്ചിൽ ഏതാനുംദിവസങ്ങളായി തുടരുന്ന സൈനികനടപടിക്കിടെ വീരമൃത്യുവരിച്ച ജവാന്മാരുടെ എണ്ണം ഒന്‍പതായി. ജമ്മു കാഷ്മീരിൽ സമീപനാളുകളിൽ സൈന്യത്തിന് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച ഏറ്റുമുട്ടലായി ഇതുമാറിക്കഴിഞ്ഞു.വ്യാഴാഴ്ച ഭീകരർക്കെതിരേയുള്ള സൈനികനടപടിക്കിടെയാണ് ജൂണിയർ ഓഫീസറെയും ജവാനെയും കാണാതായത്.
പ്രദേശത്ത് കഴിഞ്ഞദിവസം നടന്ന ഏറ്റുമുട്ടലിൽ വിക്രം സിംഗ് നേഗി, യോഗംബർ സിംഗ് എന്നീ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതിനു നാലുദിവസം മുന്‍പ് സുരാൻകോട്ട് മേഖലയിൽ മലയാളിയായ എച്ച്. വൈശാഖ് അടക്കം അഞ്ചു സൈനികരും വീരമൃത്യു വരിച്ചു.
സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ അഞ്ചു ഭീകരരെ വധിക്കുകയും ചെയ്തു.ഇതിനിടെ ശ്രീനഗറിലെ ഇഡ്ഗയിൽ വഴിയോരക്കച്ചവടക്കാരനെ ഭീകരർ വധിച്ചു. അരവിന്ദ് കുമാർ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് ജമ്മു കാഷ്മീർ പോലീസ് അറിയിച്ചു.