ബിജെപി നേതാവ് ദിലീപ് ഘോഷിനെ തൃണമൂൽ പ്രവർത്തകർ ആക്രമിച്ചു
Monday, September 27, 2021 11:08 PM IST
കോൽക്കത്ത: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഭവാനിപുർ മണ്ഡലത്തിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരേ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി പ്രിയങ്ക തിബ്രെവാളിനുവേണ്ടി വോട്ട് അഭ്യർഥിക്കാനെത്തിയ ബിജെപി ദേശീയ ഉപാധ്യക്ഷൻ ദിലീപ് ഘോഷിനെ തൃണമൂൽ പ്രവർത്തകർ ആക്രമിച്ചു.
വാക്കുതർക്കത്തിനിടെ തന്റെ ഷർട്ടിന്റെ കോളറിനു പിടിച്ച തൃണമൂൽ പ്രവർത്തകനുനേരേ സുരക്ഷാ ഉദ്യോഗസ്ഥൻ തോക്കുചൂണ്ടിയതു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഭവത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ സംസ്ഥാന സർക്കാരിനോടു റിപ്പോർട്ട് തേടി. ജോദുബാബുർ ബസാറിലെ വാക്സിനേഷൻ ക്യാന്പിലെത്തിയ ദിലീപ് ഘോഷിനെ ഒരു സംഘം ആളുകൾ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദേശീയ ടെലിവിഷൻ ചാനലുകൾ ഇന്നലെ സംപ്രേഷണം ചെയ്തിരുന്നു.
നേരത്തേ തിബ്രേവാളിനുവേണ്ടി മണ്ഡലത്തിൽ പ്രചാരണം നടത്തിയ ബിജെപി എംപി അർജുൻ സിംഗിനെ തൃണമൂൽ പ്രവർത്തകർ ഗോ ബായ്ക്ക് വിളിച്ചിരുന്നു. മുന്പു തൃണമൂൽ നേതാവായിരുന്ന അർജുൻ സിംഗിനാണ് ഭവാനിപുർ മണ്ഡലത്തിലെ ബിജെപിയുടെ പ്രചാരണച്ചുമതല.
ദിലീപ്ഘോഷിനെ ആക്രമിച്ച സംഭവത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ നടപടിയെടുക്കണമെന്നു നിയമസഭാ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി ആവശ്യപ്പെട്ടു.
അതേസമയം, വീടുകൾ കയറിയിറങ്ങിയുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിന് എല്ലാവർക്കും അവകാശമുണ്ടെന്നും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി വോട്ടുതേടാമെന്ന ബിജെപിയുടെ വ്യാമോഹത്തിനു ജനം തിരിച്ചടി നല്കുമെന്നും മുതിർന്ന തൃണമൂൽ നേതാവ് മദൻ മിത്ര പറഞ്ഞു. 30നാണ് ഭവാനിപുരിൽ ഉപതെരഞ്ഞെടുപ്പ്. ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചു.