യുപിയിൽ ബിജെപി-നിഷാദ് പാർട്ടി സഖ്യം
Saturday, September 25, 2021 1:08 AM IST
ലക്നോ: അടുത്ത വർഷം നടക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും നിഷാദ് പാർട്ടിയും സഖ്യത്തിൽ മത്സരിക്കും. യുപിയുടെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറിയായ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ആണ് ഇക്കാര്യം അറിയിച്ചത്. നിഷാദ് പാർട്ടി(നിർബൽ ഇന്ത്യൻ ശോഷിത് ഹമാര ആം ദൾ) അധ്യക്ഷൻ സഞ്ജയ് നിഷാദും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്നാ ദളുമായും ബിജെപി സഖ്യമുണ്ടാക്കിയിട്ടുണ്ട്. അപ്നാ ദൾ, നിഷാദ് പാർട്ടികൾക്ക് കിഴക്കൻ യുപിയിൽ സ്വാധീനമുണ്ട്. യുപിയിലെ വോട്ടർമാരിൽ 18 ശതമാനം നിഷാദ്(മത്സ്യത്തൊഴിലാളി വിഭാഗം) ആണെന്ന് സഞ്ജയ് നിഷാദ് അവകാശപ്പെട്ടു.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം മത്സരിച്ച നിഷാദ് പാർട്ടിക്ക് സന്ത്കബീർ നഗർ സീറ്റ് ലഭിച്ചു. സഞ്ജയിന്റെ മകൻ പ്രവീൺ ആണു വിജയിച്ചത്.