പിഎം കെയേഴ്സ് പൊതുസ്വത്തല്ലെന്ന് സർക്കാർ കോടതിയിൽ
Friday, September 24, 2021 1:13 AM IST
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച പിഎം കെയേഴ്സ് ഫണ്ട് പൊതുസ്വത്തല്ലെന്ന് കേന്ദ്രസർക്കാർ. പിഎം കെയേഴ്സിലേക്ക് സംഭാവന നൽകുന്നവരുടെ പേര് വിവരങ്ങൾ വിവരാകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ല.
ട്രസ്റ്റ് വളരെ സുതാര്യമായാണ് പ്രവർത്തിക്കുന്നത്. സിഎജി രൂപീകരിച്ച പാനലിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് ഫണ്ടിന്റെ ഓഡിറ്റ് കൃത്യമായി ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസിൽ പിഎം കെയേഴ്സിന്റെ ചുമതല വഹിക്കുന്ന അണ്ടർ സെക്രട്ടറി പ്രദീപ് കുമാർ ശ്രീവാസ്തവ ഡൽഹി ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
ഹോണററി മാതൃകയിൽ പ്രവർത്തിക്കുന്ന ഒരു ട്രസ്റ്റാണ് പിഎം കെയേഴ്സ്. പൊതുതാത്പര്യം മുൻനിർത്തി പ്രവർത്തിക്കുന്ന മറ്റേതൊരു ചാരിറ്റബിൾ ട്രസ്റ്റിനും പോലെയാണ് പിഎം കെയറുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ട്രസ്റ്റിലേക്കുള്ള സംഭാവനകൾ കൂടുതലും ഓണ്‍ലൈൻ വഴിയാണ് എത്തുന്നത്.
എന്നാൽ, പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ മറുപടി കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് ഹർജിക്കാരനായ സംയക് ഗ്യാംഗ്വാൾ വാദിച്ചത്. സത്യവാങ്മൂലത്തിൽ പറയുന്ന മറുപടികൾ പലതും അപൂർണമാണ്.
പല വാദങ്ങൾക്കും ആധികാരിക രേഖകളുടെ പിൻതുണയില്ല. പിഎം കെയേഴ്സ് രാജ്യത്തിന്റേതാണോ എന്ന ചോദ്യത്തിന്, ആണെന്നോ അല്ലെന്നോ സത്യവാങ്മൂലത്തിൽ കൃത്യമായ മറുപടിയില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.