വിവാദ ടൂൾകിറ്റ് കേസ്: ഛത്തീസ്ഗഡ് സർക്കാരിന്റെ ആവശ്യം തള്ളി
Thursday, September 23, 2021 12:31 AM IST
ന്യൂഡൽഹി: വിവാദ ടൂൾ കിറ്റ് കേസിൽ മുൻ ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗിനും ബിജെപി വക്താവായ സന്പിത് പത്രയ്ക്കുമെതിരായ കുറ്റപത്രത്തിൽ അന്വേഷണം പുനരാരംഭിക്കാൻ അനുവദിക്കണമെന്ന ഛത്തീസ്ഗഢ് സർക്കാരിന്റെ അപ്പീൽ സുപ്രീംകോടതി നിരസിച്ചു.
രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കാൻ ആഹ്വാനം ചെയ്യുന്ന ടൂൾ കിറ്റുകൾ കോണ്‍ഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തുവന്ന് ബിജെപി വക്താവായ സന്പിത് പത്രയും, മുൻ ഛത്തീസ്ഗഡ് മുഖ്യ മന്ത്രി രമണ്‍ സിംഗും ട്വിറ്ററിൽ ആരോപിച്ചിരുന്നു. നരേന്ദ്ര മോദി സർക്കാരിനെതിരേ രാഷ്ട്രീയ വിഷയങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനായി കോണ്‍ഗ്രസ് ടൂൾ കിറ്റുകൾ ഉണ്ടാക്കി വിതരണം ചെയ്തുവെന്നായിരുന്നു ആരോപണം.
സന്പിത് പത്രയുടെ ആരോപണത്തിനെതിരേ കോണ്‍ഗ്രസ് നേതാക്കൾ പരാതിയുമായി എത്തിയതിനെത്തുടർന്ന് പ്രചരണങ്ങളിൽ കൃത്രിമത്വമുള്ളതായി ട്വിറ്റർ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനെതിരേ വിവരസാങ്കേതിക മന്ത്രാലയം ട്വിറ്ററുമായി ആശയവിനിമയം നടത്തുകയും, ടൂൾകിറ്റ് വിഷയത്തെ സംബന്ധിച്ചുള്ള ബിജെപി വക്താവിന്റെ ട്വീറ്റുകളിൽ കൃത്രിമത്വമുണ്ടെന്ന മുന്നറിയിപ്പുകൾ പിൻവലിക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു.