മനുഷ്യക്കടത്ത്: കേരളത്തിൽ 166 കേസുകൾ
Saturday, September 18, 2021 11:47 PM IST
ന്യൂഡൽഹി: നിയമവും നിരീക്ഷണവും കർക്കശമായി തുടരുന്പോഴും രാജ്യത്ത് മനുഷ്യക്കടത്ത് നിർബാധം തുടരുകയാണെന്ന് നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ (എൻസിആർബി) കണക്കുകൾ. കേരളത്തിലെ 166 കേസുകളുൾപ്പെടെ 2020 ൽ രാജ്യത്ത് 1,714 മനുഷ്യക്കടത്തുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് എൻസിആർബി പറയുന്നു.
വേശ്യാവൃത്തി, നിർബന്ധിത തൊഴിലെടുപ്പിക്കൽ, വീട്ടുജോലി തുടങ്ങിയവയാണു മനുഷ്യക്കടത്തിന്റെ പ്രധാനകാരണങ്ങൾ. 184 മനുഷ്യക്കടത്തുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയും തെലുങ്കാനയുമാണ് ഒന്നാംസ്ഥാനത്ത്.
ആന്ധ്രപ്രദേശിൽ 171 കേസുകളും കേരളത്തിൽ 166 കേസുകളും രജിസ്റ്റർചെയ്തു. ജാർഖണ്ഡും (140) രാജസ്ഥാനുമാണ് (128) തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങൾ. 2018 ൽ 2,278 ഉം 2019 ൽ 22,60 ഉം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
ഇത്തരം കേസുകളിൽ പ്രതികളുടെ ശിക്ഷാനിരക്ക് 10.6 ശതമാനം മാത്രമാണെന്നതാണ് മറ്റൊരു വസ്തുത. ഏഴ് സംസ്ഥാനങ്ങളിൽ പൂജ്യം ശതമാനമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 66 ശതമാനം ശിക്ഷാനിരക്കുള്ള തമിഴ്നാടാണ് ഒന്നാമത്. രണ്ടാംസ്ഥാനത്തുള്ള ഡൽഹിയിൽ 40 ശതമാനമാണ് ശിക്ഷാനിരക്ക്.