കർണാടകയിൽ ആരാധനാലയങ്ങൾ ഇന്നു തുറക്കുന്നു
Sunday, July 25, 2021 12:39 AM IST
ബംഗളൂരു: കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ ആരാധനാലയങ്ങളും പാർക്കുകളും തുറക്കാൻ കർണാടക സർക്കാരിന്റെ അനുമതി. ക്ഷേത്രങ്ങൾ, പള്ളികൾ, മോസ്കുകൾ, ഗുരുദ്വാരകൾ തുടങ്ങിയവയും മതപഠനകേന്ദ്രങ്ങളും കോവിഡ് മാനദണ്ഡപ്രകാരം തുറക്കാനാണ് അനുമതി. കച്ചവടമാമാങ്കങ്ങളും ഉത്സവങ്ങളും ഘോഷയാത്രകളും അനുവദിക്കില്ല. അമ്യൂസ്മെന്റ് പാർക്കുകൾ തുറക്കുമെങ്കിലും ആളുകൾ കൂട്ടമായി വെള്ളത്തിലിറങ്ങുന്നത് ഒഴിവാക്കണമെന്ന് റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മഞ്ജുനാഥ് പ്രസാദ് പുറത്തിറങ്ങിയ ഉത്തരവിൽ പറയുന്നു.
ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളായ കോളജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവ നാളെ തുറക്കാൻ മുഖ്യമന്ത്രി യെദിയൂരപ്പയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ, ഒരു ഡോസ് വാക്സിൻ എടുത്തവർക്കുമാത്രമാണ് പ്രവേശനം.