രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നു, ഇന്നലെ മരണം 3,998
Thursday, July 22, 2021 1:06 AM IST
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ഇന്നലെ 24 മണിക്കൂറിനിടെ 42,015 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന മരണവും കൂടി. 3,998 പേരാണ് ഇന്നലെ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ആയിരത്തിൽ താഴെയായിരുന്നു മരണം.
കോവിഡ് മൂലമാണെന്നു സ്ഥിരീകരിക്കാത്തവരുടെ മരണം കൂട്ടത്തോടെ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് മരണസംഖ്യ ഉയർന്നത്. മഹാരാഷ്ട്രയാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടിക പുതുക്കിയത്.
കഴിഞ്ഞ ദിവസം 36,977 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 4.07 ലക്ഷം പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.27 ശതമാനമാണ്. കഴിഞ്ഞ 30 ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ശരാശരി മൂന്ന് ശതമാനത്തിൽ താഴെയാണെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.