കോവിഡ് മൂന്നാം തരംഗം നേരിടാൻ രാഹുലിന്റെ ധവളപത്രം
Wednesday, June 23, 2021 12:08 AM IST
ന്യൂഡൽഹി: രാജ്യത്തു കോവിഡ് കേസുകൾ കൈകാര്യ ചെയ്യുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമർശനങ്ങളുമായി കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതിന് സർക്കാരിന് സഹായകമാകുമെന്ന് ചൂണ്ടിക്കാട്ടി ഒരു ധവളപത്രവും രാഹുൽ ഇന്നലെ പുറത്തിറക്കി. കോവിഡ് മരണങ്ങളുടെ യഥാർഥ കണക്കുകൾ സർക്കാർ മറച്ചുവയ്ക്കുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. സർക്കാർ കണക്കുകളിൽ കാണിക്കുന്നതിനേക്കാൾ അഞ്ചോ ആറോ ഇരട്ടി അധികമാണ് യാഥാർഥ്യമെന്നും രാഹുൽ പറഞ്ഞു.
കോവിഡ് രണ്ടാം തരംഗത്തിൽ മരിച്ച 90 ശതമാനം ആളുകളുടെയും ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ് രാഹുൽ പറഞ്ഞത്. ഓക്സിജന്റെ ക്ഷാമമായിരുന്നു ഏറ്റവും വലിയ പ്രതിസന്ധി. പ്രധാനമന്ത്രിയുടെ കണ്ണീർകൊണ്ട് മരിച്ചവരുടെ കുടുംബാംഗങ്ങളുടെ കണ്ണീർ തുടയ്ക്കാനാകില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ കണ്ണീർ അവരെ രക്ഷിക്കില്ല. പക്ഷേ, ഓക്സിജന് ആളുകളുടെ ജീവൻ രക്ഷിക്കാൻ കഴിയും.
എന്നാൽ, ബംഗാൾ തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ച പ്രധാനമന്ത്രി ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്കു നിർബന്ധമായും നഷ്ടപരിഹാരം നൽകേണ്ടതാണെന്നും രാഹുൽ ആവശ്യപ്പെട്ടു. കോവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതിനുള്ള കൃത്യമായ രൂപരേഖയാണു തന്റെ ധവളപത്രം. രണ്ടാം തരംഗത്തെ നേരിടുന്നതിൽ പറ്റിയ പാളിച്ചകളെക്കുറിച്ചു സർക്കാരിന് കൃത്യമായ ധാരണയുണ്ടാക്കുന്ന വിവരങ്ങളാണിതെന്നും രാഹുൽ പറഞ്ഞു.
മൂന്നാം തരംഗത്തോടെ രാജ്യത്തെ ഏറ്റവും വലിയ ദുരന്തമായി കോവിഡ് മാറും. ധവളപത്രം തയാറാക്കിയിരിക്കുന്നത് സർക്കാരിനെ കുറ്റപ്പെടുത്താനല്ല. മറിച്ച്, വീഴ്ചകളും പരാധീനതകളും ചൂണ്ടിക്കാണിക്കുന്നതിനു വേണ്ടിയാണ്. ഭാവിയിൽ ഇത്തരം പ്രശ്നങ്ങളെല്ലാം തന്നെ അഭിമുഖീകരിക്കപ്പെടണം. ഒരു മൂന്നാം തരംഗം കോവിഡിന് ഉണ്ടാകുമെന്ന് രാജ്യത്തിനൊട്ടാകെ അറിയാം. സർക്കാർ അതിനുള്ള തയാറെടുപ്പുകൾ നടത്തിയേ മതിയാകൂ. കോണ്ഗ്രസ് നിർദേശിക്കുന്നതും അക്കാര്യമാണെന്നു രാഹുൽ ചൂണ്ടിക്കാട്ടി.