മാനദണ്ഡം ലംഘിച്ചാൽ മൂന്നാം തരംഗം വേഗമെത്തും: ഡൽഹി ഹൈക്കോടതി മുന്നറിയിപ്പ്
Saturday, June 19, 2021 12:34 AM IST
ന്യൂഡൽഹി: കോവിഡ് മാനദണ്ഡം ലംഘിച്ചാൽ മൂന്നാം തരംഗത്തിന്റെ വരവിനു വേഗം കൂട്ടുമെന്നു ഡൽഹി ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനു പിന്നാലെ ഡൽഹിയിലെ മാർക്കറ്റുകളിലും വ്യാപാരകേന്ദ്രങ്ങളിലും മറ്റും തിരക്ക് കൂടിയതു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമർശനം. ഇളവുകൾ സംബന്ധിച്ച് തത്സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച കോടതി, കേന്ദ്രസർക്കാരിനും ഡൽഹി സർക്കാരിനും നോട്ടീസയച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതിനെത്തുടർന്ന് കഴിഞ്ഞ ആഴ്ച മുതൽ ഡൽഹിയിൽ ലോക്ഡൗണ്‍ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയിരുന്നു. ഇതിനു പിന്നാലെ മാനദണ്ഡങ്ങൾ ലംഘിച്ച് മാർക്കറ്റുകളിലും മറ്റും ആളുകൾ കൂട്ടം കൂടിയതു ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്വമേധയാ വിഷയത്തിൽ ഇടപെടുകയായിരുന്നു. കോവിഡ് വ്യാപനം വീണ്ടും തീവ്രമാവാതിരിക്കാൻ കർശന നിയന്ത്രണങ്ങൾ ആവശ്യമാണെന്നും കോടതി പറഞ്ഞു.
ഏതു സാഹചര്യത്തിലാണെങ്കിലും കോവിഡ് മാനദണ്ഡം ലംഘിക്കുന്നത് അനുവദിക്കാനാകില്ല. ഇക്കാര്യത്തിൽ കർശന നടപടികൾ സ്വീകരിക്കാൻ കേന്ദ്രത്തോടും ഡൽഹി സർക്കാരിനും കോടതി നിർദേശം നൽകി. കേസ് വീണ്ടും ജൂലൈ ഒൻപതിനു പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
അതേസമയം, കോവിഡ് മൂന്നാം തരംഗ ബാധ നേരിടുന്നതിനുള്ള മാർഗങ്ങളെ കുറിച്ച് ആലോചിക്കാൻ ലെഫ്. ഗവർണർ അനിൽ ബൈജാലും മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായി കൂടിക്കാഴ്ച നടത്തി.
കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയോഗിക്കൽ, പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരണം, ഓക്സിജൻ ലഭ്യത വർധിപ്പിക്കൽ, വാക്സിനേഷൻ തുടങ്ങി വിവിധ നടപടികൾക്ക് സർക്കാർ തുടക്കമിടുന്നതായി നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.