ഓക്സിജൻ ക്ഷാമം ആറു രോഗികൾക്കു ദാരുണാന്ത്യം
Sunday, April 18, 2021 11:55 PM IST
ഷാഹ്ദോൾ: മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ മെഡിക്കൽ ഓക്സിജൻ വിതരണത്തിലെ മർദം കുറഞ്ഞതിനെ തുടർന്ന് ആറു രോഗികൾ മരിച്ചു. ഷാദോൾ സർക്കാർ മെഡിക്കൽ കോളജ് കോവിഡ് സെന്ററിലെ ഐസിയുവിൽ ഇന്നലെ പുലർച്ചെയാണു സംഭവം.
ശനിയാഴ്ച വൈകുന്നേരം മുതൽ ആശുപത്രിയിൽ ഓക്സിജൻ വിതരണം തടസപ്പെട്ടിരുന്നെന്നും വിതരണക്കാരെ അറിയിച്ചിട്ടു ഫലമുണ്ടായില്ലെന്നും ഇതാണ് ഓക്സിജൻ വിതരണത്തിന്റെ മർദം കുറയാൻ കാരണമെന്നും ആശുപത്രി ഡീൻ ഡോ. മിലിന്ദ് ശിരാൽക്കർ പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓക്സിജൻ ക്ഷാമം നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ ബിജെപി സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കോണ്ഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ കമൽനാഥ് രംഗത്തെത്തി. ഓക്സിജൻ ക്ഷാമത്തെ തുടർന്നുള്ള മരണം എത്രകാലം തുടരുമെന്നു ചോദിച്ച അദ്ദേഹം, സാഹചര്യത്തെ ഭയാനകം എന്നാണു വിശേഷിപ്പിച്ചത്.