ബിജെപി നേതാക്കളെ കർഷകർ തടഞ്ഞു
Tuesday, February 23, 2021 11:56 PM IST
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങളെ പ്രാദേശിക തലത്തിൽ ഇറങ്ങിച്ചെന്ന് ന്യായീകരിക്കാനുള്ള ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും ശ്രമങ്ങളെ പ്രതിരോധിച്ചു കർഷകർ. പടിഞ്ഞാറൻ യുപിയിലാണ് കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാൻ അടക്കമുള്ള ബിജെപി നേതാക്കളെ കർഷകർ തടഞ്ഞത്.
മുസാഫർനഗറിലെ ഷോറം ഗ്രാമത്തിലെത്തിയ കേന്ദ്രമന്ത്രി സഞ്ജീവ് ബലിയനു നേരേ കർഷകർ പ്രതിഷേധവുമായി രംഗത്തെത്തിയതു സംഘർഷത്തിലാണ് അവസാനിച്ചത്. തുടർന്നു കേന്ദ്രമന്ത്രിക്ക് തിരികെ പോകേണ്ടിവന്നു. ജവ്ല ഖാപ് നേതാവ് ബാബ സുർജാമൽ ചൗധരി കേന്ദ്രമന്ത്രിയെ കാണാൻ വിസമ്മതിച്ചു. ഒരു ബിജെപി നേതാവും തന്നെ കാണാനായി വരേണ്ടതില്ല. അവർ സംയുക്ത കിസാൻ മോർച്ച നേതാക്കളെ കണ്ടാൽ മതി. കർഷക സമരത്തിന്റെ കാര്യത്തിൽ അവരുടേതാണ് അന്തിമതീരുമാനമെന്ന് ചൗധരി പറഞ്ഞു.