അധ്യാപകദമ്പതികള്‍ പെണ്മക്കളെ തലയ്ക്കടിച്ചു കൊന്നു
Tuesday, January 26, 2021 12:34 AM IST
ചിറ്റൂർ: സത്യയുഗത്തിൽ പുനർജനിക്കുമെന്ന മന്ത്രവാദിയുടെ വാക്കുകേട്ട് അധ്യാപകരായ അച്ഛനും അമ്മയും ചേർന്നു പെണ്‍കുട്ടികളെ കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലാണു സംഭവം. അലേഖ്യ(27), സായ് ദിവ്യ(22) എന്നിവരെയാണു പുരുഷോത്തം നായിഡുവും ഭാര്യ പദ്മജയും ചേർന്നു ഞായറാഴ്ച രാത്രി കൊലപ്പെടുത്തിയത്. നരബലിയെന്നാണു പോലീസ് സംശയിക്കുന്നത്.
ഞായറാഴ്ച വൈകുന്നേരം വീട്ടിൽനിന്ന് അസാധാരണ ശബ്ദങ്ങളും കരച്ചിലുംകേട്ട് അയൽക്കാരാണു പോലീസിൽ വിവരമറിയിക്കുന്നത്. സ്ഥലത്തെത്തിയ പോലീസ് വീട്ടിൽ കയറാൻ ശ്രമിച്ചപ്പോൾ ദന്പതികൾ ഇവരെ തടഞ്ഞു. ബലപ്രയോഗത്തിലൂടെ പോലീസ് വീട്ടിനകത്തു പ്രവേശിച്ചപ്പോഴാണു രണ്ടു മക്കളെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടികളിൽ ഒരാളുടെ മൃതദേഹം പൂജാമുറിയിൽനിന്നാണു കണ്ടെത്തിയത്. രണ്ടു മൃതദേഹങ്ങളും ചുവന്ന തുണി ഉപയോഗിച്ചു പൊതിഞ്ഞിരുന്നു. കലിയുഗം അവസാനിച്ചു തിങ്കളാഴ്ച മുതൽ സത്യയുഗം തുടങ്ങുകയാണെന്നും തിങ്കളാഴ്ച സൂര്യനുദിക്കുന്നതോടെ മക്കൾക്കു വീണ്ടും ജീവൻ ലഭിക്കുമെന്നും മന്ത്രിവാദി പറഞ്ഞുവെന്നാണു ദന്പതികൾ പോലീസിനോടു പറഞ്ഞത്.
പുരുഷോത്തമും പദ്മജയും സ്കൂൾ പ്രിൻസിപ്പൽമാരാണ്. മൂത്തമകളായ അലേഖ്യ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്. ബിബിഎ ബിരുദധാരിയായ ഇളയമകൾ സായി ദിവ്യ മുംബൈയിലെ എ.ആർ. റഹ്മാൻ സംഗീത സ്കൂളിലെ വിദ്യാർഥിനിയുമാണ്.