സിക്കിം അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം
Tuesday, January 26, 2021 12:34 AM IST
ന്യൂഡൽഹി: സിക്കിം അതിർത്തിയിൽ യഥാർഥ നിയന്ത്രണ രേഖയ്ക്കടുത്ത് ഇന്ത്യൻ സൈനികരും ചൈനയുടെ സൈനികരും തമ്മിൽ സംഘർഷമുണ്ടായി. ജനുവരി 20നായിരുന്നു സംഭവം. ചൈനീസ് പട്രോളിംഗ് സംഘം ഇന്ത്യൻ അതിർത്തി ലംഘിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. കമാൻഡർമാർ അപ്പോൾ തന്നെ പ്രശ്നം പരിഹരിച്ചെന്ന് ഇന്ത്യൻ സേന വ്യക്തമാക്കി. ഇരു പക്ഷത്തെയും സൈനികർക്ക് നേരിയ പരിക്കുകളുമുണ്ടായിട്ടുണ്ട്.
ചൈനീസ് സേനയെ പ്രതിരോധിക്കുന്നതിനിടെ നാല് ഇന്ത്യൻ സൈനികർക്കാണ് പരിക്കേറ്റത്. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ എത്ര സൈനികർക്കു പരിക്കേറ്റു എന്നത് വ്യക്തമല്ല.
സിക്കിം മേഖലയിൽ ഇന്ത്യൻ സൈനികരും പീപ്പിൾസ് ലിബറേഷൻസ് ആർമിയും തമ്മിൽ നേരിയ സംഘർഷം ഉണ്ടായി. നാക്കു ലാ പ്രദേശത്ത് ജനുവരി 20ന് നടന്നത് വളരെ ചെറിയ ഒരു സംഭവമാണ്. ഇത് സംബന്ധിച്ച് ഉൗതിപ്പെരുപ്പിച്ച വാർത്തകളോ അഭ്യൂഹങ്ങളോ പ്രചരിപ്പിക്കരുതെന്ന് ഇന്ത്യൻ സേന പ്രസ്താവനയിൽ വ്യക്തമാക്കി.