അർണബിന്റെ വാട്സ് ആപ് പരാമർശം രാജ്യദ്രോഹപരം; വിവരം ചോർത്തി നൽകിയ മന്ത്രിമാരെ അറസ്റ്റ് ചെയ്യണമെന്നു കോണ്ഗ്രസ്
Thursday, January 21, 2021 12:56 AM IST
ന്യൂഡൽഹി: ബലാക്കോട്ട് ആക്രമണത്തെക്കുറിച്ച് അർണബ് ഗോസാമി നടത്തിയ വാട്സ് ആപ് പരാമർശങ്ങൾ രാജ്യദ്രോഹപരമാണെന്നും വിവരങ്ങൾ ചോർത്തി നൽകിയ കേന്ദ്ര മന്ത്രിമാരെ അറസ്റ്റ് ചെയ്യണമെന്നും കോണ്ഗ്രസ്. ബാർക്ക് സിഇഒ പാർത്തോ ദാസ് ഗുപ്തയും അർണബ് ഗോസാമിയും തമ്മിൽ നടത്തിയ ബലാക്കോട്ട് ആക്രമണത്തപ്പറ്റിയുള്ള വാട്സ് ആപ് ചാറ്റിനെ ചൂണ്ടിക്കാട്ടിയാണ് മുതിർന്ന കോണ്ഗ്രസ് നേതാവും മുൻ പ്രതിരോധമന്ത്രിയുമായി എ.കെ ആന്റണി ഉൾപ്പടെ കോണ്ഗ്രസ് നേതാക്കൾ രംഗത്തെത്തിയത്.
ഗോസാമിയും പാർത്തോ ദാസ് ഗുപ്തയും നടത്തിയ വാട്സ് ആപ് ചാറ്റ് രാജ്യത്തെ സംബന്ധിച്ച് ഏറ്റവും ഗുരുതരമായി ബാധിക്കുന്ന ഒരു വിഷയമാണ്. നാൽപത് സിആർപിഎഫ് ജവാൻമാരെ പറ്റി അവർ നടത്തിയ പരാമർശം അങ്ങേയറ്റം ഗുരുതരമാണ്. രാജ്യത്തെ ജനങ്ങൾക്കിടയിലും വിവിധ രാഷ്ട്രീയ കക്ഷികൾക്കിടയിലും ആശയപരമായി ഭിന്നതകളുണ്ടായിരിക്കും. എന്നാൽ, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അഭിപ്രായ ഭിന്നതകൾ വെടിഞ്ഞ് എല്ലാവരും ഒറ്റക്കെട്ടാണെന്നും കോണ്ഗ്രസ് ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിൽ ആന്റണി പറഞ്ഞു. ബജറ്റ് സെഷനിൽ ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും കോണ്ഗ്രസ് വ്യക്തമാക്കി.
സംഭവം നടന്ന് ഇത്രയധികം ദിവസങ്ങളായിട്ടും ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുന്നതിനെ ആന്റണി കുറ്റപ്പെടുത്തി. ഇതു വരെ സർക്കാർ ഇക്കാര്യത്തിൽ ഒന്നും തന്നെ പറഞ്ഞിട്ടില്ല. ഇത്തരം സൈനീക നടപടികൾ സംബന്ധിച്ച വിവരങ്ങൾ ചോർത്തുന്ന രാജ്യദ്രോഹപരമായ നടപടികൾ നാലോ അഞ്ചോ പേർക്കിടയിൽ നടന്നതാണ്. ആരെയും സംശയിക്കുന്നില്ല. എന്നാൽ, ഒരാൾ എന്തായാലും ഈ വിഷയത്തിൽ കുറ്റക്കാരൻ തന്നെയാണെന്നും ആന്റണി പറഞ്ഞു.