എൻഡിഎ എംഎൽഎമാരെ ലാലു സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സുശീൽ കുമാർ മോദി
Wednesday, November 25, 2020 11:08 PM IST
റാഞ്ചി/ പാറ്റ്ന: ബിഹാറിൽ നിതീഷ്കുമാർ സർക്കാരിനെ താഴെയിറക്കാൻ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് ശ്രമിച്ചുവെന്നു ബിജെപി നേതാവ് സുശീൽ കുമാർ മോദിയുടെ ആരോപണം. കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷയനുഭവിക്കുന്ന ലാലു എൻഡിഎയിലെ എംഎൽഎമാരെ ഫോണിൽവിളിച്ച് മന്ത്രിപദവി വാഗ്ദാനം ചെയ്തുവെന്ന് ട്വിറ്ററിലൂടെയാണു സുശീൽ മോദി ആരോപിച്ചത്.
ഇക്കാര്യത്തെക്കുറിച്ചു ചോദിക്കാൻ താൻ ഫോൺ ചെയ്തപ്പോൾ ലാലുവാണ് എടുത്തത്. ജയിലിൽക്കിടന്ന് ഇത്തരം വൃത്തികെട്ട രീതി പിന്തുടരരുതെന്നും അതു വിജയിക്കില്ലെന്നും താൻ പറഞ്ഞുവെന്നും സുശീൽ മോദി പറയുന്നു. എംഎൽഎമാരെ വിളിച്ചതിന്റെ നന്പറും സംഭാഷണത്തിന്റെ ശബ്ദരേഖയും ഒപ്പം ട്വിറ്ററിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്.
സ്പീക്കർ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന്റെ സ്ഥാനാർഥികൾക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്നാണു ലാലു എംഎൽഎമാരോട് ആവശ്യപ്പെട്ടത്.
ട്വിറ്റിൽ സുശീൽ മോദി നൽകിയ ഫോൺ നന്പർ ലാലു പ്രസാദിന്റെ സഹായി ഇർഫാൻ അൻസാരിയുടേതാണെന്നു ടൈംസ് ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. സുശീൽ മോദിയുടെ ട്വീറ്റ് പുറത്തുവന്നശേഷം ഈ ഫോൺനന്പർ സ്വിച്ച്ഓഫ് ആണ്. കാലിത്തീറ്റക്കേസിൽ ശിക്ഷയനുഭവിക്കുന്ന ലാലുവിനെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ കഴിയാനാണ് അനുവദിച്ചിരിക്കുന്നത്. സഹായിയായി ഇർഫാനെയും അനുവദിച്ചിട്ടുണ്ട്.