സ്വാശ്രയ മെഡിക്കൽ ഫീസ്: ഹൈക്കോടതി ഉത്തരവിനെതിരേ സർക്കാർ സുപ്രീംകോടതിയിൽ
Saturday, November 21, 2020 11:58 PM IST
ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് വിഷയത്തിൽ ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. ഫീസ് നിർണയ സമിതി നിശ്ചയിച്ച ഫീസ് പുനഃപരിശോധിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചിരുന്നു. സ്വാശ്രയ കോളജുകൾ ആവശ്യപ്പെടുന്ന പരമാവധി ഫീസ് നൽകേണ്ടിവരുമെന്നും അക്കാര്യം വിദ്യാർഥികളെ അറിയിക്കാനുമാണ് ഹൈക്കോടതി നിർദേശിച്ചത്. ഇതിനെതിരെയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്.
സർക്കാരിന്റെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുൻപ് തങ്ങളുടെ വാദം കേൾക്കണം എന്നാവശ്യപ്പെട്ട് കെഎംസിടി, കരുണ മെഡിക്കൽ കോളജുകൾ സുപ്രീംകോടതിയിൽ തടസഹർജി ഫയൽ ചെയ്തിട്ടുണ്ട്.
സുപ്രീം കോടതി ഉത്തരവ് പ്രകാരം നിലവിൽ വന്ന സംസ്ഥാന ഫീസ് നിർണയ സമിതി നിശ്ചയിക്കുന്ന ഫീസാണു വിദ്യാർഥികളിൽനിന്ന് ഈടാക്കേണ്ട തെന്നു ഹർജിയിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു. സമിതിയുടെ അധ്യക്ഷൻ ഹൈക്കോടതിയിൽനിന്നു വിരമിച്ച ജഡ്ജിയാണ്. സമിതിയെ സംബന്ധിച്ച ഇടക്കാല ഉത്തരവിലെ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഹർജിയിൽ പറയുന്നു.
മാനദണ്ഡങ്ങൾ പാലിക്കാതെയാണു സ്വാശ്രയ കോളജുകളിലെ ഫീസ് റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ചതെന്നു ഹൈക്കോടതി വിമർശിച്ചിരുന്നു.