തമിഴ്നാട്ടിൽ 67,000 കോടി രൂപയുടെ പദ്ധതികൾക്ക് അമിത് ഷാ തറക്കല്ലിട്ടു
Saturday, November 21, 2020 11:58 PM IST
ചെന്നൈ: ചെന്നൈ നഗരത്തിലെ ജലക്ഷാമം പരിഹരിക്കാൻ 380 കോടി രൂപ ചെലവിട്ടു നിർമിക്കുന്ന അണക്കെട്ടിന്റെ ഉദ്ഘാടനം ഉൾപ്പെടെ തമിഴ്നാട്ടിൽ 67,000 കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ തറക്കല്ലിട്ടു.
രണ്ടാംഘട്ട ചെന്നൈ മെട്രോ റെയിൽ നിർമാണം , കോയന്പത്തൂരിൽ ആകാശപ്പാത, കാവേരിയിൽ തടയണ നിർമാണം എന്നിവയാണ് പദ്ധതിയിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം വികസിത രാഷ്ട്രങ്ങളെക്കാൾ മികച്ച രീതിയിലാണ് കോവിഡിനെ ചെറുക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.
ചെന്നൈ വിമാനത്താവളത്തിൽ വൻ വരവേൽപ്പാണ് പ്രവർത്തകർ അമിത് ഷായ്ക്ക് ഒരുക്കിയത്. വഴിനീളെ ബാൻഡ് വാദ്യങ്ങളും കലാരൂപങ്ങളും നിരന്നു. ഇതു കണ്ടയുടൻ ബുള്ളറ്റ് പ്രൂഫ് കാറിൽനിന്ന് റോഡിലിറങ്ങിയ അമിത് ഷായ്ക്കു നേരേ ആൾക്കൂട്ടത്തിൽനിന്ന് ഓടിയെത്തിയ വയോധികനായ ആൾ, ‘ഷാ തിരിച്ചുപോകൂ’ എന്നാക്രോശിച്ച് പ്ലക്കാർഡ് വലിച്ചെറിഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് വിട്ടയച്ചു. അഞ്ചുമാസത്തിനുശേഷം തമിഴ്നാട്ടിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ തന്ത്രങ്ങൾ നേതാക്കളുമായി ചർച്ച ചെയ്തശേഷമേ അമിത് ഷാ മടങ്ങൂ.