പ്രശാന്ത് ഭൂഷണിനെതിരേ കോടതിയലക്ഷ്യം ആവശ്യപ്പെട്ട് അറ്റോർണി ജനറലിനു കത്ത്
Tuesday, October 27, 2020 12:37 AM IST
ന്യൂഡൽഹി: മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനെതിരേ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനു കത്ത്. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയെ വിമർശിച്ച് ട്വിറ്ററിൽ കുറിപ്പിട്ട വിഷയത്തിലാണ് സുപ്രീംകോടതിയിലെ അഭിഭാഷകനായ സുനിൽ സിംഗ് കത്തയച്ചത്.
മധ്യപ്രദേശിലെ എംഎൽഎമാരുടെ അയോഗ്യതാ കേസ് പരിഗണനയിലിരിക്കേ, സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്ററിൽ ചീഫ് ജസ്റ്റീസ് ബോബ്ഡെ കൻഹ ദേശീയ പാർക്ക് സന്ദർശിച്ചെന്നും അതിനു ശേഷം സ്വന്തം നാടായ നാഗ്പൂരിലേക്കു പോയെന്നുമാണ് ഭൂഷണ് ട്വീറ്റ് ചെയ്തത്. മധ്യപ്രദേശ് സർക്കാരിന്റെ നിലനിൽപ്പ് ഈ കേസിനെ ആശ്രയിച്ചാണ്. ഒക്ടോബർ 17 മുതൽ 20 വരെ ചീഫ് ജസ്റ്റീസിനു വേണ്ടി ഹെലികോപ്റ്റർ അനുവദിക്കുന്നതിനായി മധ്യപ്രദേശിലെ പ്രോട്ടോക്കോൾ ഓഫീസറുടെ ഉത്തരവിന്റെ പകർപ്പും ഭൂഷണ് ട്വീറ്റിൽ ഉൾപ്പെടുത്തിയിരുന്നു. അയോഗ്യതാ കേസ് അദ്ദേഹം പരിഗണിക്കുന്നതിനിടെ മധ്യപ്രദേശ് സർക്കാരിന്റെ സഹായം സ്വീകരിക്കുന്നതിലെ അസ്വാഭാവികതയും ഭൂഷണ് ട്വീറ്റിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, കോടതി പരിഗണിച്ചുകൊണ്ടിരിക്കുന്ന കേസിൽ മുൻവിധിയോടെ ചീഫ് ജസ്റ്റീസിനെയും സുപ്രീംകോടതിയെയും അവഹേളിക്കുകയാണ് പ്രശാന്ത് ഭൂഷണ് ചെയ്തിരിക്കുന്നതെന്നും ഇത് കോടതിയുടെ പ്രവർത്തനങ്ങളിലുള്ള ഇടപെടലാണെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ ബിജെപി നേതാവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള ഹാർഡ്ലി ഡേവിഡ്സണ് ബൈക്കിലിരിക്കുന്ന ഫോട്ടോ ട്വിറ്ററിലിട്ടു വിമർശനം ഉന്നയിക്കുകയും നാല് മുൻ ചീഫ് ജസ്റ്റീസുമാർക്കെതിരേ ആരോപണം ഉന്നയിക്കുകയും ചെയ്ത സംഭവത്തിൽ കോടതിയലക്ഷ്യത്തിൽ കുറ്റക്കാരനായി കണ്ടെത്തിയ സുപ്രീം കോടതി ഒരു രൂപ പിഴ ഒടുക്കാൻ ശിക്ഷിച്ചിരുന്നു.