കന്നുകാലിക്കടത്ത്: നാലുപേർക്കെതിരെ സിബിഐ കേസ്
Thursday, September 24, 2020 12:09 AM IST
ന്യൂഡൽഹി: ഇന്ത്യാ-ബംഗ്ലാദേശ് അതിർത്തിയിലെ കന്നുകാലിക്കടത്തുമായി ബന്ധപ്പെട്ട് മുൻ ബിഎസ്എഫ് കമൻഡാന്റ് ഉൾപ്പെടെ നാലുപേർക്കെതിരേ സിബിഐ കേസെടുത്തു. കന്നുകാലിക്കടത്തിന്റെ സൂത്രധാരൻ ഇനാമുൾ ഹഖ് ഉൾപ്പെടെയുള്ളവരെയാണു സിബിഐ സംഘം പിടികൂടിയത്. ഇതോടൊപ്പം 14 ഓളം നഗരങ്ങളിൽ പരിശോധനയും നടത്തി.
36 ബിഎസ്എഫ് ബറ്റാലിയൻ മുൻ കമൻഡാന്റ് സതീഷ് കുമാർ, ഇനാമുൽ ഹഖ് എന്നിവർക്കുപുറമേ അനുറുൾ എസ്കെ, മുഹമ്മദ് ഗുലാം മുസ്തഫ എന്നിവർക്കെതിരേയാണു കേസ്.
മുൻ ബിഎസ്എഫ് കമൻഡാന്റും ആലപ്പുഴ സ്വദേശിയുമായ ജിബി.ടി. മാത്യുവിന് കൈക്കൂലി നൽകിയ സംഭവത്തിൽ ഹഖിനെ 2018 ൽ സിബിഐ അറസ്റ്റ്ചെയ്തിരുന്നു. 2018 ജനുവരിയിൽ ആലപ്പുഴ റെയിൽവേസ്റ്റേഷനിൽവച്ച് 47 ലക്ഷം രൂപയുമായാണ് ഇയാൾ അറസ്റ്റിലായത്.