സിനിമാതാരങ്ങളുടെ മയക്കുമരുന്നു കേസ്: ബംഗളൂരുവിൽ ഒരാൾകൂടി പിടിയിൽ
Monday, September 21, 2020 12:22 AM IST
ബംഗളൂരു: കന്നഡ സിനിമ മേഖലയിലെ മയക്കുമരുന്നു മാഫിയ ബന്ധം അന്വേഷിക്കുന്ന സെൻട്രൽ ക്രൈംബ്രാഞ്ച് ബംഗളൂരുവിൽനിന്ന് ഒരാളെക്കൂടി പിടികൂടി. ശ്രീനിവാസ് സുബ്രഹ്മണ്യമാണ് ശനിയാഴ്ച അറസ്റ്റിലായത്. 13 ടാബ്ലറ്റുകൾ, 100 ഗ്രാം കഞ്ചാവ്, 1.1 ഗ്രാം എംഡിഎംഎ, 0.5 ഗ്രാം ഹാഷിഷ് എന്നിവ ഇയാളിൽനിന്നു പിടിച്ചെടുത്തു. അറസ്റ്റിലായ നടിമാരിൽ ഒരാൾ കഴിഞ്ഞമാസം നാലു തവണ ശ്രീനിവാസയുടെ ഫ്ലാറ്റിലെത്തിയിരുന്നതായി ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചിരുന്നു.
കോട്ടൺപേട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ തുടരന്വേഷണത്തിനിടെയാണ് ശ്രീനിവാസ് കസ്റ്റഡിയിലായത്. നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരാണ് മറ്റു 13 പേർക്കൊപ്പം മയക്കുമരുന്നു കേസിൽ ഇതുവരെ അറസ്റ്റിലായത്. പ്രതികളിൽ പലരും ഒളിവിലാണ്.
അന്തരിച്ച മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകൻ ആദിത്യ ആൽവയാണ് ഇവരിൽ പ്രമുഖൻ. കന്നഡ സിനിമാ താരങ്ങൾക്കായി ബംഗളൂരുവിൽ കൊണ്ടുവന്ന മയക്കുമരുന്ന് നർക്കോട്ടിക്സ് ബ്യൂറോ പിടികൂടിയതിനു പിന്നാലെയാണ് കേസ് സെൻട്രൽ ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.