മലയാളി ഉൾപ്പെടെ 9 സൈനികർക്കു ശൗര്യചക്ര
Saturday, August 15, 2020 12:35 AM IST
ന്യൂഡൽഹി: മലയാളിയായ വ്യോമസേനാ വിംഗ് കമാൻഡർ വിശാഖ് നായർ ഉൾപ്പെടെ ഒൻപതു പേർക്ക് സമാധാനകാലത്തെ ഏറ്റവും ഉയർന്ന സൈനിക ബഹുമതിയായ ശൗര്യചക്ര. ജമ്മു കാഷ്മീർ പോലീസിലെ ഹെഡ് കോൺസ്റ്റബിൾ അബ്ദുൾ റാഷീദ് കലാസിന് മരണാനന്തര ബഹുമതിയായി കീർത്തിചക്രയും ലഭിക്കും. സ്വാതന്ത്ര്യ ദിനാഘോഷങ്ങളോട് അനുബന്ധിച്ചു രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ച സേനാ മെഡലുകളാണ് ഇന്നലെ പ്രഖ്യാപിച്ചത്.
വ്യോമസേനയിലെ സ്ക്വാഡ്രൺ ലീഡർ അരുൺ ബിക്ക് ധീരതയ്ക്കുള്ള വായുസേനാ മെഡലും നാവിക സേനാ കമാൻഡർ ധനുഷ് മേനോന് ധീരതയ്ക്കുള്ള നാവികസേനാ മെഡലും ലഭിച്ചു. രാഷ്ട്രീയ റൈഫിൾസ് മൂന്നാം ബറ്റാലിയൻ ഹവിൽദാർ രജീഷ് കുമാർ ധീരതയ്ക്കുള്ള സേനാ മെഡലിന് അർഹനായി. ഇതുൾപ്പെടെ കര, വ്യോമ, നാവിക സേനാവിഭാഗങ്ങളിലും അർധസൈനിക വിഭാഗങ്ങളിലുമായി ഒരു കീർത്തിചക്ര, ഒൻപത് ശൗര്യചക്ര, അഞ്ച് ബാർ ടു സേനാ മെഡൽ, 60 സേനാ മെഡൽ, നാല് നാവികസേനാ മെഡൽ, അഞ്ച് വായുസേനാ മെഡൽ എന്നിങ്ങനെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 84 പേർക്കാണ് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ സേനാ മെഡൽ ലഭിച്ചത്.