ഷാർപ്പ് ഷൂട്ടർ രാകേഷ് പാണ്ഡെയെ ഏറ്റുമുട്ടലിൽ വധിച്ചു
Monday, August 10, 2020 12:49 AM IST
ലക്നോ: മാഫിയാത്തലവനിൽനിന്നു രാഷ്ട്രീയനേതാവായി മാറിയ മുക്താർ അൻസാരിയുടെ ഉറ്റ അനുയായിയായ കൊടും കുറ്റവാളി ഹനുമാൻ പാണ്ഡെ എന്ന രാകേഷ് പാണ്ഡെയെ യുപി പോലീസിന്റെ പ്രത്യേക ദൗത്യസംഘം ഏറ്റുമുട്ടലിൽ വധിച്ചു. ലക്നോ സരോജിനി നഗർ മേഖലയിൽ ഇന്നലെ പുലർച്ചെ 4.20നായിരുന്നു ഏറ്റുമുട്ടൽ. പരിക്കേറ്റ രാജേഷ് പാണ്ഡെയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഷാർപ്പ് ഷൂട്ടറായ പാണ്ഡെയ്ക്കായി 50,000 രൂപ പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ബിജെപി നേതാവും എംഎൽഎയുമായിരുന്ന കൃഷ്ണാനന്ദ് റായിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്നു രാകേഷ് പാണ്ഡെ. 2005 നവംബർ 29നു നടന്ന ആക്രമണത്തിൽ റായി ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടിരുന്നു. റായിയുടെ വാഹനവ്യൂഹനത്തിനു നേരേ എകെ 47 റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങൾകൊണ്ട് പാണ്ഡെ ഉൾപ്പെടെയുള്ളവർ ആക്രമണം നടത്തുകയായിരുന്നു. 400 റൗണ്ടായിരുന്നു അക്രമികൾ വെടിയുതിർത്തത്. രാകേഷ് പാണ്ഡെയുടെ പേരിൽ 12 ക്രിമിനൽ കേസുകളുണ്ട്. മുക്താർ അൻസാരിയുടെ മുന്ന ബജ്റംഗിയുടെയും കൂട്ടാളിയാണു പാണ്ഡെ. യുപിയിലെ മാവുവിൽനിന്നുള്ള ബിഎസ്പി എംഎൽഎയാണ് മുക്താർ അൻസാരി.