ശാസ്ത്രജ്ഞനു കോവിഡ്; ഐസിഎംആർ ആസ്ഥാനം അടച്ചു
Monday, June 1, 2020 11:59 PM IST
ന്യൂഡൽഹി: മുതിർന്ന ശാസ്ത്രജ്ഞന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ആസ്ഥാനം അടച്ചു. കോവിഡ് സെല്ലിലെ ഉദ്യോഗസ്ഥർക്കു മാത്രമാണ് കെട്ടിടത്തിലേക്കു കയറാൻ അനുമതി. അണുവിമുക്തമാക്കിയശേഷം രണ്ട് ദിവസത്തിനുള്ളിൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
രണ്ടാഴ്ച മുന്‍പ് മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ ശാസ്ത്രജ്ഞനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം കഴിഞ്ഞയാഴ്ച നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗത്തിൽ നീതി ആയോഗ് അംഗം ഡോ. വിനോദ് പോൾ, ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ, ഐസിഎംആർ പകർച്ചവ്യാധി വിഭാഗം തലവൻ ഡോ. ആർ.ആർ. ഗംഗാധർ എന്നിവർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.
അതേസമയം, നീതി ആയോഗിലെ ഉദ്യോഗസ്ഥനു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് നീതി ആയോഗ് ആസ്ഥാനത്തെ മൂന്നാംനില സീൽ ചെയ്തു. കോവിഡ് സ്ഥിരീകരിച്ചവരുമായി സന്പർക്കം പുലർത്തിയവരോട് നിരീക്ഷണത്തിൽ തുടരാൻ നിർദേശിച്ചിട്ടുണ്ട്.