ട്രെയിൻ സർവീസ്: തീരുമാനമായില്ല
Thursday, April 9, 2020 10:38 PM IST
ന്യൂഡൽഹി: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ അവസാനിക്കുന്നതിന്റെ മുറയ്ക്ക് തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ മാത്രം ട്രെയിൻ സർവീസ് നടത്താമെന്ന റെയിൽവേയുടെ നിർദേശത്തിൽ തീരുമാനമെടുക്കാതെ കേന്ദ്ര സർക്കാർ. ഘട്ടം ഘട്ടമായി സർവീസ് ആരംഭിക്കാൻ തയാറാണെന്നു വ്യക്തമാക്കുന്നുണ്ടെങ്കിലും സർക്കാർ അന്തിമ തീരുമാനമെടുക്കട്ടെയെന്നു റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. സർവീസ് തുടങ്ങുന്നതു സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
ലോക്ക്ഡൗണ്‍ പിൻവലിച്ചാലും നിയന്ത്രണങ്ങൾക്ക് വിഘാതം വരാത്ത രീതിയിലുള്ള ആക്ഷൻ പ്ലാനാണ് മേഖലാ തലത്തിൽ തിരിച്ച് തയാറാക്കിയിരിക്കുന്നത്. ഹോട്സ്പോട്ടുകളിലും സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. അടിയന്തര ആവശ്യക്കാർക്കു മാത്രം യാത്ര ചെയ്യാൻ അവസരം ലഭിക്കുമെന്നുമാണു സൂചന.