ആരോഗ്യ പ്രവർത്തകർക്കു സുരക്ഷയില്ല; ഡൽഹിയിൽ പ്രതിഷേധം രൂക്ഷം
Thursday, April 9, 2020 10:38 PM IST
ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് വ്യാപനം ആശങ്ക ഉയർത്തിയ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്ക് ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങളോ ക്വാറന്റൈൻ സൗകര്യമോ ലഭ്യമാക്കാത്തതിൽ രൂക്ഷ പ്രതിഷേധം. കോവിഡ് ബാധിതരെ ചികിത്സിക്കുന്ന പ്രധാന ആശുപത്രിയായ എൽഎൻജെപിയിൽ നഴ്സുമാർ വ്യാഴാഴ്ച സമരത്തിലേക്കു കടന്നു. ആശുപത്രിയിലെ റസിഡന്റ് ഡോക്ടറെയും നഴ്സിംഗ് ഓഫീസറെയും കോവിഡ് ലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസം നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് സമരം ആരംഭിച്ചത്.
ഡൽഹി സർക്കാരിനു കീഴിലെ ഏറ്റവും വലിയ ആശുപത്രിയാണ് കോവിഡ് 19 ചികിത്സക്കായി സർക്കാർ പ്രത്യേകം തെരഞ്ഞെടുത്ത എൽഎൻജെപി. പതിനഞ്ചു ദിവസം തുടർച്ചയായി ജോലി ചെയ്യുന്ന നഴ്സുമാർ തുടർന്നുള്ള 14 ദിവസം ക്വാറന്റൈനിൽ പോകണമെന്നാണു വ്യവസ്ഥ. എന്നാൽ, ഇവർക്ക് നിലവിൽ നൽകിയിട്ടുള്ളത് ആശുപത്രിക്ക് സമീപത്തെ ഡെന്റൽ കോളജിലെ കെട്ടിടത്തിലെ ഹാളാണ്. 30 നഴ്സുമാർ വീതം രണ്ട് ഹാളുകളിലാണു കഴിയുന്നത്.
രണ്ട് ടോയിലറ്റ് മാത്രമാണ് ഇത്രയും പേർക്ക് നൽകിയിരിക്കുന്നത്. ആവശ്യമായ ഭക്ഷണം പോലും ലഭ്യമാക്കുന്നില്ലെന്നും നഴ്സസ് യൂണിയൻ എക്സിക്യൂട്ടീവ് അംഗം പറഞ്ഞു.