ഹാപ്പിനെസ് ക്ലാസിൽ മെലാനിയ ഹാപ്പി
Wednesday, February 26, 2020 12:31 AM IST
ന്യൂഡൽഹി: സർക്കാർ സ്കൂളിലെ കുട്ടികളോടൊപ്പം ഹാപ്പിനെസ് ക്ലാസിൽ പങ്കെടുത്തും കുട്ടികളെ ചേർത്തുപിടിച്ചു പുണർന്നും അമേരിക്കയുടെ പ്രഥമ വനിത മെലാനിയ ട്രംപ് എല്ലാവരെയും ഹാപ്പി ആക്കി. മോട്ടി ബാഗ് നാനാക്പുരയിലെ സർവോദയ കോ-എഡ്യൂക്കേഷൻ സീനിയർ സെക്കൻഡറി സ്കൂളിലെത്തിയ മെലാനിയ കുട്ടികളുടെയും അധ്യാപകരുടെയും മനം കവർന്നാണു തിരികെ പോയത്.
""പ്രകൃതിയോടു സംവദിച്ചും കഥ പറഞ്ഞുമാണ് ഈ സ്കൂളിൽ ഓരോ കുട്ടികളുടെയും ദിവസം തുടങ്ങുന്നത് എന്നതു വളരെയധികം പ്രചോദനം നൽകുന്നു. ഒരു ദിവസം തുടങ്ങാൻ ഇതിലും നല്ലൊരു മാർഗം ചിന്തിക്കാൻ പോലുമാകുന്നില്ല''- ഹാപ്പിനെസ് ക്ലാസിൽ നേരിട്ടു പങ്കെടുത്തു പുറത്തിറങ്ങിയ മെലാനിയ പറഞ്ഞു. 2018 മുതൽ തുടങ്ങിയ ഹാപ്പിനെസ് ക്ലാസിൽ കുട്ടികളുടെ ആശങ്കകളും മനഃക്ലേശവും കുറയ്ക്കാനായി ധ്യാനം, മാനസിക വ്യായാമങ്ങൾ, കഥ പറച്ചിൽ, തെരുവുനാടകങ്ങൾ, അച്ചടക്ക പരിശീലനം തുടങ്ങിയവ ഉൾപ്പെടുത്തിയിരുന്നു.
മഞ്ഞയും ചുവപ്പും പൂക്കളുള്ള വെള്ള മിഡി വസ്ത്രം ധരിച്ചാണു മെലാനിയ ട്രംപ് എത്തിയത്. രാവിലെ രാഷ്ട്രപതി ഭവനിലെ ആചാരപരമായ സ്വീകരണ ചടങ്ങിലും മഹാത്മാ ഗാന്ധിയുടെ രാജ് ഘട്ടിലെ സമാധിയിലും ഇതേ വേഷത്തിലായിരുന്നു ട്രംപിനോടൊപ്പം മെലാനിയ എത്തിയത്.
സർവോദയ സർക്കാർ സ്കൂളിന്റെ കവാടത്തിലെത്തിയ മെലാനിയയെ അധ്യാപകരും വിദ്യാർഥികളും ചേർന്നു പരന്പരാഗത ഇന്ത്യൻ ശൈലിയിൽ സ്വീകരിച്ചു. പൂച്ചെണ്ടു നൽകി സ്കൂളിലേക്കു വരവേൽക്കുന്നതിനിടെ മെലാനിയയുടെ നെറുകയിൽ കുങ്കുമ പൊട്ടു തൊടാനും സ്വീകരിക്കാൻ നിയോഗിച്ച പെണ്കുട്ടി മറന്നില്ല. വിവിധ കലാരൂപങ്ങളും ബാഗ്പൈപ്പുകൾ അടക്കമുള്ള വാദ്യോപകരണങ്ങളുമായി ഗംഭീര സ്വീകരണമാണു നൽകിയത്.
സ്കൂളിലെ മുതിർന്ന കുട്ടികൾ നിറമുള്ള സാരികളും ഗാഗ്ര ചോളി പോലുള്ള ഉത്തരേന്ത്യൻ വേഷങ്ങളും അണിഞ്ഞിരുന്നു. ചെറിയ ക്ലാസുകളിലെ കുട്ടികൾ സ്കൂൾ യൂണിഫോമിലാണു മെലാനിയയുടെ വരവിനായി കാത്തിരുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാര്യയുടെ വരവു പ്രമാണിച്ച് സ്കൂളും ക്ലാസുകളും പരിസരവും പെയിന്റടിച്ചും ചിത്രങ്ങൾ വരച്ചും പൂച്ചെടികൾ വച്ചും സൗന്ദര്യവത്കരിച്ചിരുന്നു.
ഒരു മണിക്കൂറിലധികം സമയം അധ്യാപകരോടും കുട്ടികളോടും ഒപ്പം മെലാനിയ സ്കൂളിൽ ചെലവഴിച്ചു. ഹാപ്പിനെസ് ക്ലാസിനായി കസേരയിൽ ഇരുന്നു. ഇടയ്ക്കു കുട്ടികളെ അടുത്തുവിളിച്ചു സംസാരിക്കുകയും ചെയ്തു. തുടർന്ന് സ്കൂളിലെ മൈതാനിയിൽ ഒരുക്കിയ വിദ്യാർഥികളുടെ മറ്റു പരിപാടികളും കണ്ടു. രാജസ്ഥാനി, പഞ്ചാബി നൃത്തങ്ങളും കുട്ടികളുടെ സൂര്യനമസ്കാരവും മെലാനിയ കൗതുകത്തോടെ വീക്ഷിച്ചു.
ഹാപ്പിനെസ് ക്ലാസ് കാണാനായി സർക്കാർ സ്കൂളിലെത്തിയ മെലാനിയയ്ക്കു സ്വാഗതമേകി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ട്വീറ്റ് ചെയ്തിരുന്നു. ഇരുവരെയും സ്കൂളിലെ പരിപാടിയിൽനിന്ന് ഒഴിവാക്കിയതു വിവാദമായിരുന്നു. എന്നാൽ, മെലാനിയയുടെ സ്കൂൾ സന്ദർശനത്തിനു രാഷ്ട്രീയം ഇല്ലെന്നായിരുന്നു അമേരിക്കയുടെ വിശദീകരണം.