മോൺ. ജോസ് ചിറയ്ക്കൽ അയിരൂക്കാരൻ ടൂറ സഹായമെത്രാൻ
Tuesday, February 25, 2020 12:53 AM IST
ന്യൂഡൽഹി: മേഘാലയയിലെ ടൂറ രൂപതയുടെ സഹായമെത്രാനായി മലയാളിയായ മോൺ. ജോസ് ചിറയ്ക്കൽ അയിരൂക്കാരനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ടൂറ രൂപതയിൽ ഫാദർ സിജെ എന്നറിയപ്പെടുന്ന മോൺ. ജോസ് ചിറയ്ക്കൽ അയിരൂക്കാരൻ എറണാകുളം-അങ്കമാലി അതിരൂപതയിലെ കറുകുറ്റി ഇടവകാംഗമാണ്.
1960 ജൂലൈ 14നു കറുകുറ്റി ചിറയ്ക്കൽ അയിരൂക്കാരൻ പരേതരായ ജോസഫ്-അന്നം ദമ്പതികളുടെ മൂത്ത മകനായി ജനിച്ച മോൺ. ജോസ് 1976ൽ ടൂറ രൂപതയിൽ വൈദികവിദ്യാർഥിയായി. ഷില്ലോംഗിലെ സെന്റ് പോൾസ് മൈനർ സെമിനാരിയിലും ക്രൈസ്റ്റ് കിംഗ് കോളജിലും ഓറിയൻസ് തിയോളജിക്കൽ കോളജിലും വൈദികപഠനം പൂർത്തിയാക്കി. 1987 ഡിസംബർ 29നു ടൂറ രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് 1995ൽ റോമിലെ ഉർബാനിയ യൂണിവേഴ്സിറ്റിയിൽനിന്ന് കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. 1988ൽ സെൽസല്ല സെന്റ് ജോസഫ്സ് പള്ളിയിൽ അസി.വികാരിയായി സേവനം തുടങ്ങിയ ഇദ്ദേഹം ദാലു സേക്രഡ് ഹാർട്ട് സ്കൂളിൽ ഹെഡ്മാസ്റ്ററായും ടൂറ സെന്റ് പീറ്റേഴ്സ് മൈനർ സെമിനാരിയിൽ റെക്ടറായും തുടർന്ന് രൂപത പ്രൊക്കുറേറ്ററും ചാൻസലറുമായും സേവനമനുഷ്ഠിച്ചു.
2011ൽ കത്തീഡ്രൽ വികാരിയായി. തുടർന്ന് ഓറിയൻസ് തിയോളജിക്കൽ കോളജിൽ റെക്ടറായി പ്രവർത്തിച്ചു. സഹോദരങ്ങൾ: ത്രേസ്യാമ്മ, പൗലോസ്, പരേതരായ ഏല്യാക്കുട്ടി, മേരി.സഹോദരങ്ങൾ: ത്രേസ്യാമ്മ, പൗലോസ്, പരേതരായ ഏല്യാക്കുട്ടി, മേരി.
മേഘാലയയിലെ അഞ്ചു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ടൂറ രൂപതയുടെ ബിഷപ് ഡോ. ആൻഡ്രൂ മാരക്കാണ്.