പിഎഫ് കമ്യൂട്ടേഷൻ: വെട്ടിക്കുറച്ച തുക പുനഃസ്ഥാപിക്കാൻ നിർദേശം
Saturday, February 22, 2020 12:52 AM IST
ന്യൂഡൽഹി: എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് പെൻഷൻ കമ്യൂട്ട് ചെയ്തതിന്റെ പേരിൽ മരണം വരെ പെൻഷനിൽ നിന്നു തുക വെട്ടിക്കുറയ്ക്കുന്നത് നിർത്തലാക്കണമെന്ന ആവശ്യത്തിൽ കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു.
2008 സെപ്റ്റംബർ 25ന് മുന്പ് പെൻഷൻ കമ്യൂട്ട് ചെയ്ത പെൻഷൻകാർക്കെല്ലാം 15 വർഷം പൂർത്തിയാകുന്ന മുറയ്ക്ക് പെൻഷനിൽ നിന്നും കമ്യൂട്ടേഷന്റെ പേരിൽ കുറവു ചെയ്തിരുന്ന തുക പുനഃസ്ഥാപിക്കും.
ഉത്തരവ് പ്രകാരം 2008 സെപ്റ്റംബർ 25ന് മുന്പ് കമ്യൂട്ട് ചെയ്ത എല്ലാ പെൻഷൻകാർക്കും തുക തിരികെ കിട്ടും. കമ്യൂട്ട് ചെയ്ത മറ്റുള്ളവർക്ക് 15 വർഷം തികയുന്ന മുറയ്ക്ക് പെൻഷനിൽ നിന്നും കമ്യൂട്ടേഷന്റെ പേരിൽ കുറവു ചെയ്യുന്ന തുക പുനഃസ്ഥാപിക്കുമെന്നും എംപി വിശദമാക്കി.
എൻ.കെ. പ്രേമചന്ദ്രൻ എംപി 16-ാം ലോക്സഭയിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാരിന്റെ നടപടി. സ്വകാര്യ ബില്ലിന്റെ അടിസ്ഥാനത്തിൽ തൊഴിൽവകുപ്പ് അഡീഷണൽ സെക്രട്ടറി ചെയർപേഴ്സണായി ഉന്നതാധികാര സമിതി രൂപീകരിക്കുകയും എംപിയുമായി കൂടിയാലോചിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ ചേർന്ന ഇപിഎഫ് സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗം കമ്യൂട്ടേഷന്റെ പേരിൽ പെൻഷനിൽ വെട്ടിക്കുറയ്ക്കുന്ന തുക 15 വർഷം കഴിയുന്പോൾ പുനഃസ്ഥാപിക്കണമെന്നുള്ള തീരുമാനമെടുത്തു.
ഇതിനു ശേഷവും തീരുമാനം വിജ്ഞാപനം ചെയ്യാനുള്ള നടപടി വൈകിപ്പിച്ചതായും കഴിഞ്ഞ ലോക്സഭാ സമ്മേളനത്തിൽ ഇക്കാര്യത്തിൽ പ്രതിഷേധം അറിയിച്ചിരുന്നതായും എംപി പറയുന്നു. തുടർന്ന് വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് മന്ത്രി സഭയെ അറിയിച്ചു.
ഈ ഉത്തരവ് പുറപ്പെടുവിച്ചതോടെ കേരളത്തിലെ കശുവണ്ടി തൊഴിലാളികൾ ഉൾപ്പെടെ പത്ത് ലക്ഷത്തോളം വരുന്ന മുതിർന്ന പൗരന്മാരായ ഇപിഎഫ് പെൻഷൻകാർക്ക് വലിയ സഹായമാകുമെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.