പാക് ചാരൻ വാരാണസിയിൽ പിടിയിൽ
Tuesday, January 21, 2020 12:14 AM IST
ലക്നോ: സൈനികസ്ഥാപനങ്ങളുടെയും സിആർപിഎഫ് ക്യാന്പുകളുടെയും ചിത്രങ്ങളുൾപ്പെടെ സുപ്രധാനവിവരങ്ങൾ പാക് രഹസ്യാന്വേഷണവിഭാഗമായ ഐഎസ്ഐക്കു കൈമാറിയ ഇരുപത്തിമൂന്നുകാരൻ വാരാണസിയിൽ പിടിയിലായി.
ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേനയും മിലിറ്ററി ഇന്റലിജൻസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ അറസ്റ്റിലായ റഷീദ് അഹമ്മദിൽനിന്ന് കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ചിത്രങ്ങൾ പകർത്തി ഐഎസ്ഐ ഏജന്റിനു കൈമാറാൻ ഉപയോഗിച്ചിരുന്ന സ്മാർട്ട് ഫോണും റഷീദ് അഹമ്മദിൽ നിന്ന് പിടിച്ചെടുത്തു. രണ്ടുതവണ ഇയാൾ പാക്കിസ്ഥാനിൽ പോയതായി പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി അന്വേഷണസംഘം വെളിപ്പെടുത്തി.