നടിയെ ആക്രമിച്ച കേസ് : വിചാരണ സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീംകോടതി തള്ളി
Saturday, January 18, 2020 12:24 AM IST
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർണമായും സ്റ്റേ ചെയ്യണമെന്ന നടൻ ദിലീപിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധന വരുന്നതു വരെ വിചാരണ തടയണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടത്. എന്നാൽ, ഫോറൻസിക് പരിശോധന നടത്തുന്ന ചണ്ഡിഗഡിലെ സെൻട്രൽ ഫോറൻസിക് ലാബിന്റെ (സിഎഫ്എസ്എൽ) ഫലം വന്നതിനു ശേഷമേ ദിലീപിന്റെ ക്രോസ് വിസ്താരം ആരംഭിക്കാവൂയെന്ന് കോടതി നിർദേശിച്ചു.
കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാതെ വിചാരണ നടത്തുന്നത് സുപ്രീം കോടതി ഉത്തരവിന്റെയും പ്രതി എന്ന നിലയിലുള്ള അവകാശങ്ങളുടെയും ലംഘനമാണെന്നായിരുന്നു ദിലീപിനു വേണ്ടി മുകുൾ റോഹ്തഗിയുടെ വാദം. ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ട്, എഡിറ്റ് ചെയ്തു ചേർത്തിട്ടുമുണ്ട്. റിപ്പോർട്ട് തയാറാക്കുന്നതിനുള്ള ചോദ്യാവലി പോലും കഴിഞ്ഞ ദിവസമാണ് ചണ്ഡിഗഡിലേക്ക് അയച്ചതെന്നും റോഹ്തഗി ചൂണ്ടിക്കാട്ടി.
എന്നാൽ, ഇതിന്റെ പേരിൽ വിചാരണ നീട്ടിക്കൊണ്ടു പോകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. 130-ഓളം സാക്ഷികൾ കേസിലുണ്ട്. അവരുടെ വിസ്താരം നടത്താമെന്ന് ജസ്റ്റീസുമാരായ എ.എം. ഖാൻവിൽക്കറും ദിനേശ് മഹേശ്വരിയും വ്യക്തമാക്കി.
ഫോറൻസിക് പരിശോധനാ ഫലം വരുന്നതുവരെ വിചാരണ നിർത്തിവെക്കണമെന്ന് ദിലീപ് നേരത്തെ വിചാരണക്കോടതിയിൽ ആ വശ്യപ്പെട്ടിരുന്നു. ഈ ഹർജി തള്ളിയതിനെത്തുടർന്നാണ് സ്റ്റേ ആവശ്യവുമായി നടൻ സുപ്രീം കോടതിയെ സമീപിച്ചത്.