മഞ്ഞുപുതഞ്ഞ വഴിയിലൂടെ പൂർണ ഗർഭിണിയെ സൈനികർ ചുമന്നത് നാലു മണിക്കൂർ
Thursday, January 16, 2020 12:31 AM IST
ശ്രീനഗർ: അരയോളം പൊക്കത്തിൽ മഞ്ഞുപുതഞ്ഞ വഴിയിലൂടെ പൂർണഗർഭിണിയെ ചുമലിലേറ്റി സൈനികർ നടന്നത് നാലു മണിക്കൂർ. ആറുമണിക്കൂർ നീണ്ട സൈനികരുടെ പരിശ്രമത്തിനൊടുവിൽ ദർദ് പോറ സ്വദേശിനിയായ ഷമീമയ്ക്ക് ബാരാമുള്ളയിലെ ആശുപത്രിയിൽ സുഖപ്രസവം.
പ്രസവവേദന കലശലായതോടെ യുവതിയുടെ ഭർത്താവ് റിയാസ് മിർ ആണ് സൈന്യത്തിന്റെ സഹായം ആഭ്യർഥിച്ചത്. വടക്കൻ കാഷ്മീരിലെ സാമൂഹിക സേവന സംഘമായ ഖരിയാതുമായി മിർ ഫോണിൽ ബന്ധപ്പെട്ടു.
ഇതേത്തുടർന്ന് നൂറിലധികം സൈനികരടങ്ങുന്ന മൂന്നു സംഘം സേവന സജ്ജരായി. 25 പ്രദേശവാസികളും സൈനികർക്കൊപ്പം കൂടി. സൈനികരിൽ ഒരു സംഘം മഞ്ഞ് നീക്കം ചെയ്ത് യുവതിയെ ചുമലിലേറ്റി നടന്നു. രണ്ടാമത്തെ സംഘം ഹെലിപാഡിലേക്കുള്ള വഴി വൃത്തിയാക്കി. മൂന്നാമത്തെ സംഘം ബാരാമുള്ളയിലെ ജില്ലാ ആസ്ഥാനത്തേക്കുള്ള റോഡിലെ ഗതാഗതം ക്രമീകരിച്ചു.
റോഡിലെ മഞ്ഞ് നീക്കം ചെയ്ത് ആംബുലൻസിനു സൈനികർ വഴിയൊരുക്കി. യുവതി പ്രസവിച്ചെന്ന ശുഭവാർത്തയറിഞ്ഞശേഷമാണ് സൈനികർ ആശുപത്രി വിട്ടത്. അടിയന്തര സാഹചര്യങ്ങളിൽ കാഷ്മീർ താഴ്വരയിലുള്ളവരുടെ സഹായത്തിനായി സൈന്യം രൂപവത്കരിച്ച സംഘമാണ് ഖരിയാത്.