പ്രതിഷേധം അവസാനിച്ചു: ബനാറസ് സർവകലാശാല സംസ്കൃത വകുപ്പ് തുറന്നു
Friday, November 22, 2019 11:39 PM IST
വാരാണസി (ഉത്തർപ്രദേശ്): ബനാറസ് ഹിന്ദു സർവകലാശാലയിലെ സംസ്കൃത വകുപ്പ് വീണ്ടും തുറന്നു. വകുപ്പിൽ മുസ്ലിം സമുദായത്തിൽ നിന്നുള്ള ഫിറോസ് ഖാൻ എന്ന അധ്യാപകനെ നിയമിച്ചതിനെതിരേ എബിവിപിയുടെ പ്രതിഷേധവും ഇന്നലെ അവസാനിപ്പിച്ചു. സംസ്കൃത വിദ്യാ ധർമ വിജ്ഞാൻ വകുപ്പ് (എസ്വിഡിവി) വീണ്ടും തുറന്നുപ്രവർത്തിച്ചുവെന്ന് ട്വിറ്റർ സന്ദേശത്തിലാണ് സർവകലാശാല അറിയിച്ചത്.
സർവകലാശാലയിൽ സംസ്കൃതം പഠിപ്പിക്കുന്നത് ഹിന്ദുമതത്തിൽപ്പെട്ടയാളായിരിക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. സർവകലാശാലയുടെ പിന്തുണയുണ്ടെങ്കിലും ക്ലാസെടുക്കാൻ ഫിറോസ് ഖാനെ പ്രതിഷേധക്കാർ അനുവദിച്ചിരുന്നില്ല.
പ്രശ്നപരിഹാരത്തിന് അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെയുള്ളവരുമായി നിരവധി തവണ വൈസ്ചാൻസലറുടെ ഓഫീസിൽ ചർച്ച നടത്തിയിരുന്നുവെന്ന് സർവകലാശാല വക്താവ് അറിയിച്ചു. ക്ലാസ്റൂമുകൾ തുറക്കാനും ക്ലാസുകൾ അടുത്തദിവസം തുടങ്ങാനും തീരുമാനിച്ചു. യോഗത്തിനുശേഷം പൂട്ടിയിട്ട ക്ലാസ്റൂമുകൾ തുറന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഫിറോസ് ഖാൻ എന്ന അധ്യാപകനെതിരേയായിരുന്നില്ല പ്രതിഷേധമെന്ന് വിദ്യാർഥി നേതാവ് ചക്രപാണി ഓജ വിശദീകരിച്ചു. ബനാറസ് ഹിന്ദു സർവകലാശാല ആക്ട് 1915 ന്റെ ലംഘനത്തിനും നിയമനങ്ങളിലെ ക്രമക്കേടിനുമെതിരേയാണ് സമരം. ഹിന്ദു വിഭാഗത്തിൽപ്പെട്ട അധ്യാപകരെമാത്രമേ എസ്വിഡിവിയിൽ നിയമിക്കാനാവു എന്നാണ് ചട്ടമെന്നും അദ്ദേഹം പറഞ്ഞു.