ഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം
Wednesday, November 20, 2019 12:43 AM IST
ന്യൂഡൽഹി: ഡൽഹി, ഉത്തർപ്രദേശ് അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനം. ഇന്നലെ രാത്രി ഏഴോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളിലെ ഡയ്ലേക് ജില്ലയിലാണു പ്രഭവകേന്ദ്രം.
റിക്ടർ സ്കെയിലിൽ 5.3 രേഖപ്പെടുത്തിയ ചലനം 20 സെക്കൻഡോളം നീണ്ടു. ചണ്ഡിഗഡ്, നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ്, ലക്നോ, ഉത്തരാഖണ്ഡിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ നല്ല രീതിയിൽ ചലനമുണ്ടായി. ലക്നോയിൽ ആളുകൾ കൂട്ടത്തോടെ വീടുവിട്ട് വെളിയിലേക്ക് ഓടിയത് ഭീതി പരത്തി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.